ന്യൂഡൽഹി: പശുക്കിടാങ്ങളെ കൊല്ലുന്നതിന് നിരോധനം ഏർപ്പെടുത്താൻ നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ അനുകൂലനടപടി സ്വീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇത് നിയമം മൂലം നടപ്പിലാക്കേണ്ട കാര്യമാണെന്നും ഈ കാര്യത്തിൽ നിയമമുണ്ടാക്കണമെന്ന് കോടതിക്ക് സമ്മർദംചെലുത്താനാകില്ലെന്നും ജസ്റ്റിസുമാരായ എ.എസ്. ഓക, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
തദ്ദേശീയ ജനുസ്സുകളുടെ വംശനാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹരജിക്കാർ അതത് സംസ്ഥാന സർക്കാറുകളെ സമീപിക്കണമെന്ന് കോടതി നിർദേശിച്ചു. 2018ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻ.ജി.ടി) തദ്ദേശീയ പശു ജനുസ്സുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്തരവിനെതിരായ അപ്പീലിലാണ് കോടതി ഈ കാര്യങ്ങൾ പറഞ്ഞത്.
പ്രശ്നത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ച പൊതുനിലപാട് പരിഗണിച്ച എൻ.ജി.ടി, ഈ കാര്യത്തിൽ കൂടുതൽ നിർദേശങ്ങൾ ആവശ്യമില്ലെന്നും വ്യക്തമാക്കുകയുണ്ടായി. എൻ.ജി.ടി കേസ് പരിഗണിച്ചസമയത്ത് ചില സംസ്ഥാനങ്ങൾക്ക് സ്വന്തംനിലക്ക് ഗോവധ നിരോധന നിയമമുള്ളതും ഇതൊന്നും തദ്ദേശീയ ജനുസ്സു സംരക്ഷണത്തിന് എതിരു നിൽക്കാത്തതുമാണെന്ന് പരാമർശിച്ചകാര്യം സുപ്രീംകോടതി എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.