പാലക്കാട്: കേന്ദ്രസർക്കാർ നിർദേശപ്രകാരം പി.എം കെയേഴ്സ് ഫണ്ടിലേക്ക് ദക്ഷിണ റെയിൽവേ ജീവനക്കാരിൽ നിന്ന് ഏപ്രിൽ മാസം പിരിച്ചെടുത്തത് 10,03,04,814 രൂപ. ചെന്നൈയിലെ ആസ്ഥാന ഒാഫിസ്, ഡിവിഷൻ എന്നിവിടങ്ങളിലെയും കൺസ്ട്രക്ഷൻ-വർക്ഷോപ്പുകളിലെയും 80,586 ജീവനക്കാരുടെ ഒരു ദിവസത്തെ വേതനമാണിത്.
താഴെത്തട്ടിലെ 50ൽതാഴെ ജീവനക്കാർ മാത്രമാണ് വിസമ്മതമറിയിച്ച് കത്ത് നൽകിയത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മുഴുവൻ ജീവനക്കാരും വേതനം കൈമാറി. തിരുവനന്തപുരം ഡിവിഷനിലെ 9736 ജീവനക്കാരിൽ നിന്ന് 1.23 കോടി രൂപ ഇൗടാക്കി. പാലക്കാട് ഡിവിഷനിലെ 6602 ജീവനക്കാരിൽ നിന്ന് 83 ലക്ഷം രൂപ പിരിച്ചെടുത്തു. എറണാകുളം കൺസ്ട്രക്ഷൻ വിഭാഗത്തിലെ 239 ജീവനക്കാരിൽ നിന്ന് 4.94 ലക്ഷം രൂപയും ലഭിച്ചു. കൂടുതൽ ജീവനക്കാരുള്ള (22,144) ചെന്നൈയിൽ നിന്ന് 2.66 കോടി രൂപ പിരിച്ചെടുത്തു.
മറ്റ് ഡിവിഷനുകളുടെ കണക്ക് ഇപ്രകാരം: തിരുച്ചിറപ്പള്ളി-1.08 കോടി, മധുര-93 ലക്ഷം, സേലം-94 ലക്ഷം, പോത്തന്നൂർ വർക്ഷോപ്പ്-10 ലക്ഷം. റെയിൽവേയിലെ 13 ലക്ഷം ജീവനക്കാരിൽ നിന്ന് ഏപ്രിലിലെ ഒരു ദിവസ വേതനമായ 151 േകാടി രൂപ പി.എം കെയേഴ്സ് ഫണ്ടിലേക്ക് കൈമാറുമെന്ന് വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കണക്ക് ബോധിപ്പിക്കാൻ സംവിധാനമില്ലാത്ത പി.എം കെയേഴ്സ് ഫണ്ടിലേക്ക് വർഷത്തിൽ 12 ദിവസത്തെ വേതനം കൈമാറുന്നതിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.