ദക്ഷിണേന്ത്യന്‍ ഉച്ചകോടി പരിപാടി വൈകി; പിണറായി സ്ഥലംവിട്ടു

ചെന്നൈ: ഇന്ത്യാ ടുഡേ ഗ്രൂപ് ചെന്നൈയില്‍ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ ഉച്ചകോടിയില്‍നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിപ്പോയി. രണ്ടു ദിവസമായി ചെന്നൈ ഐ.ടി.സി ഗ്രാന്‍ഡ് ചോല ഹോട്ടലില്‍ നടന്ന പരിപാടിയില്‍നിന്നാണ് പിണറായി ഇറങ്ങിപ്പോയത്. സമാപനദിവസമായ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് പിണറായിയുടെ പ്രസംഗം നിശ്ചയിച്ചിരുന്നത്. ലോകം എന്തിന് കേരളത്തില്‍ നിക്ഷേപിക്കണമെന്ന വിഷയത്തിലായിരുന്നു അദ്ദേഹം  സംസാരിക്കേണ്ടിയിരുന്നത്.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവായിരുന്നു ആദ്യ പ്രസംഗകന്‍. കൃത്യസമയത്ത് എത്തിയ പിണറായി തന്‍െറ ഊഴത്തിനായി ഒരു മണിക്കൂര്‍ കാത്തിരുന്നു. എന്നാല്‍, സംഘാടകര്‍ ക്രമംതെറ്റിച്ച് പിണറായിക്ക് പകരം  ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെ ക്ഷണിക്കുകയായിരുന്നു. ചന്ദ്രബാബു നായിഡുവിന് നിശ്ചയിച്ചിരുന്ന സമയം 11.30 മുതല്‍ 12 വരെയായിരുന്നു. പിണറായിക്കാകട്ടെ 11.00 മുതല്‍ 11.30 വരെയുമായിരുന്നു സമയം നല്‍കിയിരുന്നത്. എന്നാല്‍, സംഘാടകര്‍  പിണറായിയുടെ അനുമതിയില്ലാതെ  ക്രമം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ഇറങ്ങിപ്പോയത്. അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യാ ടുഡേ അധികൃതര്‍ ശ്രമിച്ചെങ്കിലും പിണറായി വഴങ്ങിയില്ല.   

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍െറ ചെന്നൈയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ 12 മണിക്ക് പിണറായിയുടെ പ്രസംഗം നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യാ ടുഡേ ഉച്ചകോടിയില്‍ കൂടുതല്‍ സമയം കാത്തിരിക്കാന്‍ പിണറായിക്ക് കഴിയുമായിരുന്നില്ല. ഉച്ചകോടിയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി , ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞദിവസം തുടങ്ങിയ ഉച്ചകോടി തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന്‍െറ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജനാണ് ഉദ്ഘാടനം ചെയ്തത്.

Tags:    
News Summary - south indian summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.