പരകാല പ്രഭാകർ

എസ്.ഐ.ആർ എൻ.ആർ.സിയുടെ രൂപമാറ്റം; രാജ്യത്ത് ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന് കരുതുന്നവരെ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് -രൂക്ഷ വിമർശനവുമായി പരകാല പ്രഭാകർ

ന്യൂഡൽഹി: എസ്.ഐ.ആറിനെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രവിദഗ്ധൻ പരകാല പ്രഭാകർ. സാധാരണ ജനങ്ങളാണ് സർക്കാറുകളെ തീരുമാനിക്കുന്നത്. അതിനു പകരം വോട്ടർമാർ ആരാകണം എന്ന് തീരുമാനിക്കാനുള്ള സർക്കാറിന്റെ മാർഗമാണ് എസ്.ഐ.ആർ എന്നും പരകാല പ്രഭാകർ ആരോപിച്ചു.

രാജ്യത്ത് ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന് സർക്കാർ കരുതുന്ന ആളുകളെ ഇല്ലാതാക്കുക എന്നതാണ് എസ്.ഐ.ആറിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

പശ്ചിമ ബംഗാൾ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന എസ്.ഐ.ആർ രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങൾക്കും ഭരണഘടന മനോഭാവത്തിനും ഭരണഘടന ധാർമികതക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പരകാല പ്രഭാകർ വിലയിരുത്തുന്നു. തൃണമൂൽ കോൺഗ്രസിനെ പിന്തുണക്കുന്ന പശ്ചിമബംഗാളിലെ ദ എജ്യൂക്കേഷനിസ്റ്റ് ഫോറം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.ആർ.സി(ദേശീയ പൗരത്വ രജിസ്റ്റർ)യുടെ മറ്റൊരു രൂപമാണിത്. വലിയ പ്രതിഷേധങ്ങൾ കാരണം എൻ.ആർ.സി കേന്ദ്രസർക്കാറിന് നടപ്പാക്കാൻ കഴിഞ്ഞില്ല. അതിനു പകരം കൊണ്ടുവന്നതാണ് എസ്.ഐ.ആർ. ഇതൊരു പിൻവാതിൽ നടപടിയാണ്. അവർക്ക് താൽപര്യമില്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുമ്പോൾ അവരെല്ലാം രണ്ടാംതരം പൗരൻമാരായി മാറുകയാണ്. അതാണ് എസ്.ഐ.ആറിന്റെ അടിസ്ഥാന ലക്ഷ്യം. പാർശ്വവത്കരിക്കപ്പെട്ടതും വിദ്യാഭ്യാസമില്ലാത്തതുമായ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണ് എസ്.ഐ.ആറിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും പരകാല പ്രഭാകർ കുറ്റപ്പെടുത്തി. ബിഹാർ തെരഞ്ഞെടുപ്പ് അതിന് ഉദാഹരണമാണ്. ബിഹാറിലെ ചിലയിടങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്ക് സീറ്റുകൾ നഷ്ടമായത് ആശ്ചര്യപ്പെടുത്തുന്നതാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് സംസ്ഥാനത്ത് നടത്തിയ എസ്.ഐ.ആറിൽ ഭരണകക്ഷിക്ക് വോട്ട് ചെയ്യാൻ സാധ്യതയുള്ളവരുടെ പേരുകൾ നിലനിർത്തുകയാണ് ചെയ്തതെന്നും പരകാല പ്രഭാകർ കൂട്ടിച്ചേർത്തു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവാണ് പരകാല പ്രഭാകർ.

ബിഹാറിൽ നടന്നത് എസ്.ഐ.ആറിന്റെ പരീക്ഷണമായിരുന്നു. ആ പരീക്ഷണത്തിൽ അവർ വിജയിച്ചിരിക്കുന്നു. അടുത്ത പരീക്ഷണം പശ്ചിമ ബംഗാളിലായിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. വോട്ടർ പട്ടികയുടെ പുനഃ പരിശോധനയല്ല യഥാർഥത്തിൽ എസ്.ഐ.ആർ, വോട്ടർ പട്ടികയുടെ പുനർനിർമാണമാണെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളിൽ നിയമാനുസൃതമായ പൗരത്വമുള്ള ഒരാളുടെയും വോട്ട് നഷ്ടപ്പെടാതിരിക്കുക എന്നത് ഉറപ്പാക്കാൻ മുഖ്യമന്ത്രി മമത ബാനർജി ജാഗ്രത പുലർത്തണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അവകാശപ്പെടുന്നത് പോലെ 2002ലെ നടപടിക്രമത്തിന്റെ ആവർത്തനമല്ല എസ്.ഐ.ആർ. ആളുകൾ ഫോമുകൾ പൂരിപ്പിക്കേണ്ട ആവശ്യം തന്നെയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരും അഭയാർഥികളും ആരാ​ണെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അല്ലാതെ ബി.ജെ.പിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    
News Summary - SIR means govt choosing voters says Parakala Prabhakar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.