ഇന്ത്യ-യു.എസ് കരാർ: സമ്പൂർണ കീഴടങ്ങൽ -കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യൻ താൽപര്യങ്ങൾ അടിയറവെച്ചുള്ള സമ്പൂർണ കീഴടങ്ങലാണ് ഇന്ത്യ- യു.എസ് കരാറെന്നും ഉത്സവം അമേരിക്കയിലാണെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ വിമർശിച്ചു. ആദ്യം ചൈനക്ക് കീഴടങ്ങിയ മോദി ഇപ്പോൾ യു.എസിനും കീഴടങ്ങിയെന്നും മോദി ഒരു ലീഡർ പോയിട്ട് ഡീലർ പോലുമല്ലെന്ന് കരാർ തെളിയിച്ചെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

വീണ്ടും റഷ്യയിൽ നിന്ന് എണ്ണ ഇറക്കിയാൽ പിഴത്തീരുവ പുനഃസ്ഥാപിക്കുമെന്ന് ഉത്തരവിലൂടെ യു.എസ് ഭീഷണിപ്പെടുത്തുന്നു. റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഇന്ത്യയെ കള്ളനാക്കിയതാണ് പ്രധാനമന്ത്രി ആഘോഷിക്കുന്നത്. എപ്സ്റ്റീൻ ഫയലുകളെക്കുറിച്ച് സംശയമുണ്ടായിരുന്നത് ഇപ്പോൾ തെളിഞ്ഞു. ഇത് ബ്ലാക്ക്മെയിലിങ്ങാണ്. ഭയന്ന് കീഴടങ്ങിയ പ്രധാനമന്ത്രിക്ക് ഒരു മിനിറ്റു പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല.

ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള യു.എസ് തീരുവ മൂന്നിൽ നിന്നാണ് 50 ആക്കി ഉയർത്തിയതെന്ന് ഓർക്കണം. അത് 50ൽ നിന്ന് മൂന്നാക്കുകയല്ല, 18 ആക്കുകയാണ് ചെയ്തത്. രണ്ടടി കിട്ടിയ ശേഷം ഒരടിക്കുമേൽ തടവിയാൽ അതിലിത്ര സന്തോഷിക്കാൻ എന്താണിരിക്കുന്നത്? മോദി കീഴടങ്ങിയശേഷം പിയൂഷ് ഗോയൽ പുഞ്ചിരിക്കുന്നതെന്തിനാണ്? പിയൂഷ് ഗോയൽ പറയുന്നതിന് പ്രസക്തിയില്ല. യു.എസ് പറയുന്നതാണ് പട്ടിക. ഇന്ത്യയിൽ ഡംപ് ചെയ്യുന്നതെന്താണെന്ന് ട്രംപ് പറഞ്ഞില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിളകളുടെ പേരും പറഞ്ഞില്ല. ആ പേരുകൾ അമേരിക്കയിൽ നിന്ന് വരുമോ എന്ന് കോൺഗ്രസ് വക്താവ് ചോദിച്ചു. എടുത്തുകളഞ്ഞ മൂന്ന് കാർഷിക കരിനിയമങ്ങൾ കർഷകർക്ക് അനുകൂലമാണെന്ന് പറഞ്ഞ പോലെയാണ് ഇന്ത്യ - യു.എസ് കരാർ കർഷകരുടെ ഹിതത്തിനനുസരിച്ചാണെന്ന് കേന്ദ്ര സർക്കാർ പറയുന്നതെന്നും ഖേര പരിഹസിച്ചു.

Tags:    
News Summary - India-US agreement: Complete surrender - Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.