അഹ്മദാബാദ്: 20 രൂപ കൈക്കൂലി കേസിൽ ഒരു മനുഷ്യൻ നിയമപോരാട്ടം നടത്തിയത് 30 വർഷം. ഒടുവിൽ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയ പിറ്റേദിവസം അയാൾ മരണത്തിന് കീഴടങ്ങി. ഇതൊരു സിനിമാക്കഥയല്ല, മറിച്ച് ഗുജറാത്തിൽ നീതിന്യായ സംവിധാനങ്ങളുടെ അനാസ്ഥ മൂലം ജീവിതം നഷ്ടപ്പെട്ട ഒരു ഗുജറാത്തുകാരനെക്കുറിച്ചാണ്.
1996ൽ പൊലീസ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന സമയത്താണ് ബാബുഭായ് പ്രജാപതിക്കെതിരെ 20 രൂപ കൈക്കൂലി കേസ് ചാർജ് ചെയ്യുന്നത്. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു 1997ൽ കേസ് ഫയൽ ചെയ്ത്. 2002ൽ കുറ്റ പത്രം സമർപ്പിച്ചു. 2003,2004 കാലയളവിൽ സാക്ഷി വിസ്താരത്തിനു ശേഷം സെക്ഷൻ കോടതി പ്രജാപതിക്ക് നാലു വർഷം ജയിൽ ശിക്ഷയും 3,000 രൂപ പിഴയും വിധിച്ചു.
പ്രജാപതി വിധിക്കെതിരെ ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചു. എന്നാൽ അദ്ദേഹം സമർപ്പിച്ച അപ്പീൽ 22 വർഷം വിധി പറയാതെ കോടതിയിൽ കെട്ടിക്കിടന്നു. ഒടുവിൽ ഫെബ്രുവരി 4ന് സാക്ഷികളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിധിച്ചു.
വിധി പുറത്ത് വന്നതിനു പിന്നാലെ വീട്ടിലേക്ക് പോയ പ്രജാപതി അടുത്ത ദിവസം മരണത്തിന് കീഴടങ്ങി. വിധി വന്ന ശേഷം തങ്ങളെ കാണാനെത്തുമ്പോൾ അദ്ദേഹം നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷത്തിലായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു.
പ്രജാപതിക്കുണ്ടായ നഷ്ടത്തിന് സർക്കാരിൽ നിന്ന് അർഹമായ ആനുകൂല്യങ്ങൾ വാങ്ങിയെടുക്കണമെന്ന് താൻ പറഞ്ഞതായും എന്നാൽ അടുത്ത ദിവസം ഹൃദയാഘാതം മൂലം മരിച്ചെന്ന വാർത്തയാണ് പുറത്ത് വന്നതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.