സുപ്രീംകോടതി

വിധിപ്രസ്താവത്തിലെ തെറ്റിന് ജഡ്‌ജിമാർക്കെതിരെ അച്ചടക്ക നടപടി പാടില്ല; ഹൈകോടതികൾക്ക് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: വിധിപ്രസ്താവത്തിലെ തെറ്റിന് ജഡ്‌ജിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാടില്ലെന്ന് ഹൈകോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകി. മധ്യപ്രദേശിലെ അഡീഷനൽ ജില്ല സെഷൻസ് ജഡ്‌ജിയായ നിർഭയ സിങ് സുലിയയെ സർവിസിൽ നിന്ന് പുറത്താക്കിയ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.

സുലിയയുടെ അപ്പീൽ ഫയലിൽ സ്വീകരിക്കുകയും ചെയ്തു. മധ്യപ്രദേശിലെ എക്‌സൈസ് നിയമത്തിനുകീഴിൽ ജാമ്യ ഹരജികളിൽ തീരുമാനമെടുക്കുന്നതിൽ അഴിമതിയും ഇരട്ടത്താപ്പും നടന്നുവെന്നായിരുന്നു ആരോപണം. ഹൈകോടതി ചുമതലപ്പെടുത്തിയ വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് അദ്ദേഹത്തെ പുറത്താക്കിയത്. മദ്യം വലിയ തോതിൽ പിടിച്ചെടുത്ത ചില കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചപ്പോൾ, സമാനമായ മറ്റ് ചില കേസുകളിൽ ജാമ്യം നിഷേധിച്ചതാണ് ആരോപണത്തിന് ആധാരം.

ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമ്പോൾ ഹൈകോടതികൾ ജാഗ്രത പുലർത്തണമെന്ന് ജസ്റ്റിസ് വിശ്വനാഥൻ ഓർമിപ്പിച്ചു. ഉത്തരവിൽ പിഴവോ, വിധിന്യായത്തിൽ പിശകോ സംഭവിച്ചാൽ ജഡ്‍ജിയെ വകുപ്പുതല അന്വേഷണത്തിന്‍റെ സമ്മർദത്തിന് വിധേയമാക്കരുതെന്നും കോടതി വ്യക്തമാക്കി.

ജാമ്യം അർഹിക്കുന്ന കേസുകളിൽ പോലും, വകുപ്പുതല നടപടി ഉണ്ടായേക്കുമെന്ന ഭീതിമൂലം ജാമ്യം നൽകാതിരിക്കാൻ ഇടയാക്കുമെന്നും, ഹൈകോടതികളിലും സുപ്രീംകോടതിയിലും ജാമ്യ ഹരജികൾ കുമിഞ്ഞുകൂടാൻ കാരണമാകുമെന്നും ജസ്റ്റിസ് പർദിവാല ചൂണ്ടിക്കാട്ടി.

Tags:    
News Summary - SC sets aside dismissal of MP judge, warns against disciplining judicial officers merely for wrong orders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.