ജയിലിൽ നിന്നും ശശികല ഹൊസൂർ എം.എൽ.എയെ സന്ദർശിച്ചുവെന്ന്​ മുൻ ഡി.ഐ.ജി രൂപ

ബംഗളൂരു: അനധികൃത സ്വത്തുകേസിൽ തടവിലുള്ള അണ്ണാഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയും ബന്ധു ഇളവരശിയും ഹൊസൂർ എം.എൽ.എയുടെ വീട് സന്ദർശിച്ചുവെന്ന് റിപ്പോർട്ട്. മുൻ ജയിൽ ഡി.ഐ.ജി ഡി. രൂപ കഴിഞ്ഞദിവസം അഴിമതി നിരോധന ബ്യൂറോക്ക് (എ.സി.ബി) നൽകിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ശശികല തടവിൽ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിൽനിന്ന് സമീപത്തെ പാർട്ടി എം.എൽ.എയുടെ വീട് സന്ദർശിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്.

ഇരുവരും സാധാരണ വേഷത്തിൽ ജയിലിനു പുറത്തുനിന്ന് പ്രധാന കവാടത്തിലേക്ക് കയറിവരുന്നതി​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾക്കൊപ്പം ഇതുസംബന്ധിച്ച തെളിവുകളും രൂപ എ.സി.ബിക്ക് സമർപ്പിച്ചിട്ടുണ്ട്. ശശികലക്കെതിരെ തെളിവായി മൊത്തം 74 രേഖകളാണ് നൽകിയിരിക്കുന്നത്. ജയിലിൽനിന്ന് ഹൊസൂരിലെത്തി എം.എൽ.എയുടെ വീട് സന്ദർശിച്ചതിന് വിശ്വാസയോഗ്യമായ തെളിവുകളുണ്ട്.

ജയിലിൽനിന്ന് പുറത്തുപോയെന്ന് ശരിവെക്കുന്ന ദൃശ്യങ്ങൾ പ്രവേശന കവാടത്തിലെ സി.സി.ടി.വി കാമറയിൽനിന്നും ഗേറ്റ്​ ഒന്നിനും രണ്ടിനും ഇടയിലുള്ള കാമറയിൽനിന്നും ലഭിക്കും. ജയിലിനുള്ളിൽ ബാരിക്കേഡു കൊണ്ടു പ്രത്യേക ഇടനാഴി തിരിച്ച് ശശികല സ്വകാര്യാവശ്യത്തിനായി ഉപയോഗിച്ചിരുന്നെന്നും രൂപയുടെ റിപ്പോർട്ടിൽ പറയുന്നു.

ശശികലക്ക് അധികൃതർ ജയിലിൽ പ്രത്യേക മുറികൾ ഉൾപ്പെടെ അനർഹ സൗകര്യങ്ങളൊരുക്കി നൽകിയെന്ന വിവരം ആദ്യമായി പുറത്തുവിടുന്നത് രൂപയാണ്. ജയിലിൽ ശശികലക്ക് നൽകിയ സൗകര്യങ്ങളുടെ തെറ്റായ വിവരങ്ങൾ നൽകി ആഭ്യന്തരവകുപ്പിനെയും അഭ്യന്തര സെക്രട്ടറിയെയും ജയിൽ അധികൃതർ തെറ്റിദ്ധരിപ്പിച്ചെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ജയിലിനുള്ളിൽ ശശികലയുടെ സുഖജീവിതം വെളിപ്പെടുത്തുന്ന നാലു വിഡിയോകളാണ് റിപ്പോർട്ടിനൊപ്പം രൂപ എ.സി.ബിക്ക് സമർപ്പിച്ചിരിക്കുന്നത്. 

Tags:    
News Summary - Sasikala Free to Visit MLA's House Near Bengaluru Jail, says DIG Roopa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.