'രാജ്യത്തുടനീളമുള്ള ബോംബ് സ്‌ഫോടനങ്ങളിൽ ആർ.എസ്‌.എസിന് പങ്ക്'-വെളിപ്പെടുത്തി പ്രവർത്തകന്റെ സത്യവാങ്മൂലം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ബോംബ്സ്ഫോടനങ്ങളിൽ ആർ.എസ്.എസിനു പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ. ആർ.എസ്.എസ് പ്രവർത്തകൻ യശ്വന്ത് ഷിൻഡെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിവാദ വെളിപ്പെടുത്തൽ. ബോംബ് സ്ഫോടന പരിശീലനത്തിന് താൻ സാക്ഷിയാണെന്നാണ് യശ്വന്ത് ഷിൻഡെ ചൊവ്വാഴ്ച നന്ദേഡ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

''1999ൽ മഹാരാഷ്ട്രയിലായിരുന്നപ്പോൾ, ഇ​ന്ദ്രേഷ് കുമാർ എന്ന വ്യക്തി പോരാട്ടവീര്യമുള്ള ആൺകുട്ടികളെ പിടികൂടി ജമ്മുവിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. അവർക്ക് ആധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുമെന്നും പറഞ്ഞു. ആൺകുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി താനെയിൽ വി.എച്ച്.പിയുടെ സംസ്ഥാനതല യോഗം ചേരുകയും ചെയ്തു.

യോഗത്തിൽ നന്ദേഡിലെ ഹിമാൻഷു പാൻസെയെ പരിചയപ്പെട്ടു. അന്ന് ഗോവയിലെ വി.എച്ച്.പിയുടെ സജീവ പ്രവർത്തകനായിരുന്നു ഹിമാൻഷു പാൻസെ. ഹിമാൻഷു തന്റെ ഏഴ് സുഹൃത്തുക്കളെയും പരിശീലനത്തിനായി കൊണ്ടുവന്നു. താൻ ഹിമാൻഷുവിനെയും സുഹൃത്തുക്കളെയും ജമ്മുവിലേക്ക് കൊണ്ടുപോയി. അവിടെ അവർ ഇന്ത്യൻ ആർമിയിലെ ജവാന്മാരിൽനിന്ന് ആധുനിക ആയുധങ്ങളിൽ പരിശീലനം നേടി''-എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

രാഷ്ട്രീയ നേട്ടത്തിനായി ബോംബ് സ്ഫോടനങ്ങൾ

ബോംബ് നിർമാണത്തിനായി പരിശീലന ക്യാമ്പ് തുടങ്ങുമെന്നും അതിനു ശേഷം രാജ്യത്തുടനീളം ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിടുന്നതായും ഇവർ രണ്ടുപേരും തന്നെ അറിയിച്ചുവെന്നും യശ്വന്ത് സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തുന്നതിന്റെ ഉത്തരവാദിത്തം യശ്വന്ത് ഏറ്റെടുക്കണമെന്ന നിർദേശവും ഇരുവരും മുന്നോട്ടുവെച്ചു. ​ഞെട്ടിയെങ്കിലും ആ ഭാവഭേദം മുഖത്തുകാണിക്കാതെ 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമാണോ ഇതെന്ന് ചോദിക്കുകയായിരുന്നു. എന്നാൽ, അതിനു മറുപടി ലഭിച്ചില്ല.

രാകേഷ് ധവാഡെ എന്നയാളാണ് തന്നെ പരിശീലന സ്ഥലത്തേക്ക് കൊണ്ടുവന്ന് തിരികെ കൊണ്ടുപോകാറുണ്ടായിരുന്നതെന്ന് സത്യവാങ്മൂലത്തിൽ യശ്വന്ത് പറയുന്നുണ്ട്. 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിൽ പിന്നീട് അറസ്റ്റിലായ ആളാണിദ്ദേഹം. പരിശീലനത്തിനുശേഷം സംഘാടകർ ആളുകളെ വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ വനമേഖലയിലേക്ക് കൊണ്ടുപോയി. അവിടെ സ്‌ഫോടനത്തിന്റെ പരിശീലനമായിരുന്നു നടന്നിരുന്നത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയായതിനാൽ ബോംബ് സ്‌ഫോടനങ്ങളിൽ ഏർപ്പെടരുതെന്ന് താൻ പലതവണ നന്ദേഡിൽ പോയി ഹിമാൻഷു പാൻസെയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മഹാരാഷ്ട്രയിലെ 'ഗർജന'യുമായും ജമ്മു-കശ്മീർ, പഞ്ചാബ്, ഹരിയാന, അസം, യു.പി എന്നിവിടങ്ങളിലെ 'ഹിന്ദു യുവ ഛത്ര പരിഷത്തു'മായും കർണാടകയിലെ 'ശ്രീരാമസേന'യുമായും പശ്ചിമ ബംഗാളിലെ തപൻ ഘോഷിനെപ്പോലുള്ള മുതിർന്ന നേതാക്കളുമായും യശ്വന്ത് ബന്ധപ്പെട്ടിരുന്നു.

പരാജയപ്പെടുത്തിയ വലിയ ഗൂഢാലോചന

"തനിക്ക് വേണമെങ്കിൽ അഞ്ഞൂറോ അറുന്നൂറോ ബോംബ് സ്‌ഫോടനങ്ങൾ നടത്താമായിരുന്നു. എന്നാൽ, നേതാക്കളുടെ ഗൂഢലക്ഷ്യങ്ങൾ മനസിലാക്കിയതിനാൽ ആ പദ്ധതി വിജയിക്കാൻ അനുവദിച്ചില്ല. നേതാക്കളുടെ ദുരുദ്ദേശ്യത്തെക്കുറിച്ച് തപൻ ഘോഷിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. യശ്വന്തിനോട് യോജിച്ച തപൻ ഘോഷ് ഈ പ്രവർത്തനങ്ങളിൽ നിന്ന് സ്വയം മാറി നിന്നു. അതുപോലെ തപൻ ഘോഷുമായി അടുപ്പമുണ്ടായിരുന്ന കർണാടകയിലെ ശ്രീരാമസേനയുടെ പ്രമോദ് മുത്തലിക്കും ഒന്നും ചെയ്തില്ല. അങ്ങനെ, യശ്വന്ത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വിനാശകരമായ പദ്ധതി അട്ടിമറിക്കുകയും നിരവധി നിരപരാധികളായ ഹിന്ദുക്കളുടെയും മുസ്‍ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജീവൻ രക്ഷിക്കുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു.

2014ൽ ബി.ജെ.പി അധികാരത്തിലെത്തുന്നു

"രാജ്യത്തുടനീളം സ്ഫോടനങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതി പ്രതീക്ഷിച്ചത്ര വിജയിക്കാത്തതിനാൽ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമായില്ല. അതിന്റെ ഫലമായി 2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി.

പദ്ധതിക്കു പിന്നിലെ ഗൂഢാലോചനക്കാരായ മിലിന്ദ് പരാണ്ഡെയെപ്പോലുള്ളവർ ഒളിവിൽ പോയെങ്കിലും രഹസ്യമായി ഗൂഢാലോചനകൾ തുടർന്നു. ഒളിവിൽനിന്നുകൊണ്ട് ചരടുവലിച്ച് അവർ രാജ്യത്തുടനീളം നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തി. ഇതിന്റെ ഉത്തരവാദിത്തം പൊലീസുകാരുടെയും ചില മാധ്യമങ്ങളുടെയും സഹായത്തോടെ മുസ്‌ലിംകളുടെ തലയിൽ കെട്ടിവെച്ചു. അത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിച്ചുവെന്നും സത്യവാങ്മൂലത്തിലുണ്ട്.

2014ൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇത് വിശ്വഹിന്ദു പരിഷത്തിന്റെയും ആർ.എസ്.എസിന്റെയും വിധ്വംസക ശക്തികൾ പെട്ടെന്ന് സജീവമാകാൻ കാരണമായി. ''പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീവ്രവാദ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഇതേ ആളുകൾ തന്നെയാണെന്നും രാജ്യത്തുടനീളം അവിശ്വാസവും ഭയാനകവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ബോധപൂർവം ശ്രമിക്കുന്നതായും കാണാൻ കഴിഞ്ഞതായി യശ്വന്ത് ബോധിപ്പിക്കുന്നു. 

ഹിന്ദു മതം വളരെ ശ്രേഷ്ഠമായ മതമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഹിന്ദുക്കൾ പൊതുവെ തീവ്രവാദ പ്രവണതയുള്ളവരല്ല. എന്നാൽ ആർ.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദൾ തുടങ്ങിയ ചില ഹിന്ദു സംഘടനകൾ ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടത്തിനായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ കേസിൽ ഉൾപ്പെട്ട പ്രതികൾക്കൊപ്പം സിൻഹഗഡിലെ ഭീകര പരിശീലന ക്യാമ്പിൽ പങ്കെടുത്തതിനാൽ താൻ പ്രധാന സാക്ഷിയാണെന്നും യശ്വന്ത് പറയുന്നുണ്ട്.

മിലിന്ദ് പരാണ്ഡെ, രാകേഷ് ധവാഡെ, രവി ദേവ് (മിഥുൻ ചക്രവർത്തി) എന്നിവരെ അറസ്റ്റ് ചെയ്ത് പ്രതികളാക്കിയിട്ടില്ല. മിലിന്ദ് പരാണ്ഡെ നിലവിൽ വി.എച്ച്.പിയുടെ ദേശീയ സംഘാടകൻ ആണ്. പുണെ സ്വദേശിയാണ് രാകേഷ് ധവാഡെ. 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലും മറ്റ് ചില സ്‌ഫോടനക്കേസുകളിലും ഇയാൾ അറസ്റ്റിലായിരുന്നു. നിലവിൽ ജാമ്യത്തിലാണ്. രവി ദേവ് (മിഥുൻ ചക്രവർത്തി) ഹരിദ്വാറിലാണ് താമസിക്കുന്നത്.

2006ലെ നന്ദേഡ് സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്മാരാണ് പ്രതികളായ മൂന്നുപേരെന്ന് സത്യവാങ്മൂലത്തിൽ അപേക്ഷകൻ പറയുന്നു. കേസിൽ തങ്ങളെ പ്രതികളാക്കി വിചാരണ ചെയ്യണമെന്നാണ് യശ്വന്തിന്റെ അഭ്യർഥന.  

Tags:    
News Summary - RSS was involved in bomb blasts across the country -reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.