പ്രജ്വൽ ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് എച്ച്.ഡി. ദേവഗൗഡ; നിയമനടപടി നേരിടണം

ബംഗളൂരു: ലൈംഗിക അതിക്രമ കേസിൽ പ്രതിയും ഹാസൻ എം.പിയുമായ പ്രജ്വൽ രേവണ്ണ ഇന്ത്യയിലേക്ക് തിരികെ വരണമെന്നും നിയമനടപടിയെ നേരിടണമെന്നും ജെ.ഡി.എസ് സ്ഥാപകൻ എച്ച്.ഡി. ദേവഗൗഡ. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നിയമപ്രകാരമുള്ള കടുത്ത ശിക്ഷ പ്രജ്വലിന് നൽകണമെന്ന് താൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രജ്വലിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചോ വിദേശയാത്രയെ കുറിച്ചോ തനിക്ക് അറിയില്ലായിരുന്നു. ഇക്കാര്യം ആളുകളെ ബോധ്യപ്പെടുത്താനും സാധിച്ചില്ല. പ്രജ്വലിനെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. തന്‍റെ മനഃസാക്ഷിക്ക് ഉത്തരം നൽകാനാകുമെന്ന് വിശ്വസിക്കുന്നു. താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും സർവശക്തന് സത്യം അറിയാമെന്നും ദേവഗൗഡ വ്യക്തമാക്കി.

മൂന്നു വർഷം മുമ്പ് നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച പരാതിയുമായാണ് മുൻ ജില്ല പഞ്ചായത്ത് അംഗം രംഗത്തുവന്നത്. കോളജ് വിദ്യാർഥിനികൾക്ക് ഹോസ്റ്റൽ പ്രവേശം ലഭിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി സമീപിച്ച തന്നെ പ്രജ്വൽ രേവണ്ണ അദ്ദേഹത്തിന്റെ എം.പി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പീഡിപ്പിക്കുകയും വിഡിയോയിൽ പകർത്തുകയും ചെയ്തതായാണ് പരാതി.

ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞതായും തുടർച്ചയായി ഉപദ്രവിച്ചെന്നും സംഭവം വെളിപ്പെടുത്തിയാൽ ഭർത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടു. 2021ൽ നടന്ന ലൈംഗിക അതിക്രമത്തിന്റെ അശ്ലീല വിവരണം അടങ്ങിയതാണ് പരാതി.

പേടി കാരണം ഇത്രകാലം സഹിച്ച പ്രയാസം പ്രജ്വലിനെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ച വേളയിൽ വെളിപ്പെടുത്തുകയായിരുന്നു. പരാതിയിൽ ഒരേ സ്ത്രീയെ നിരന്തരം ബലാത്സംഗം ചെയ്യൽ, അതിക്രമം, പൊതുപ്രവർത്തകയോട് ലൈംഗികവേഴ്ച ആവശ്യപ്പെടുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എസ്.ഐ.ടി കേസെടുത്തത്. കഴിഞ്ഞ 27നാണ് പ്രജ്വൽ ജർമനിയിലേക്ക് കടന്നത്. 

Tags:    
News Summary - "Return to India, face the law": HD Deve Gowda warns grandson to submit to legal process in obscene video case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.