മുംബൈ: ഇരുമ്പുമുതൽ സോഫ്റ്റ് വെയർ വരെയുള്ള വ്യവസായ മേഖലകളിൽ ഉരുക്കിന്റെ കരുത്തും വറ്റാത്ത കാരുണ്യവുമായി ‘ടാറ്റ’യെ ദീർഘകാലം നയിച്ചയാളാണ് ‘ടാറ്റ സൺസ്’ മുൻ ചെയർമാൻ രത്തൻ ടാറ്റ. മുംബൈ ബ്രീച്ച് കാൻഡ് ആശുപത്രിയിൽ വെച്ച് ലോകത്തോട് വിടപറയുമ്പോൾ 86 വയസ്സായിരുന്നു. രക്തസമ്മർദ നില താഴ്ന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു.
രത്തൻ നേവൽ ടാറ്റ എന്നാണ് മുഴുവൻ പേര്. 1937 ഡിസംബർ 28ന് മുംബൈയിലാണ് ജനനം. പിതാവ് നേവൽ ടാറ്റ. നേവൽ ടാറ്റയെ ടാറ്റ ഗ്രൂപ് സ്ഥാപകൻ ജംഷഡ്ജി ടാറ്റയുടെ മകൻ രത്തൻജി ടാറ്റ ദത്തെടുത്തതാണ്.
ആർക്കിടെക്ചറിൽ കോർണൽ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ രത്തൻ ടാറ്റ 1961ലാണ് ടാറ്റ ഗ്രൂപ്പിൽ ചേരുന്നത്. ടാറ്റ സ്റ്റീലിൽ കരിയർ തുടങ്ങിയ അദ്ദേഹം പടിപടിയായി ഉയർന്ന്, 1991ൽ ജെ.ആർ.ഡി ടാറ്റ വിരമിച്ചതോടെ ടാറ്റ സൺസിന്റെ ചെയർമാനായി. തുടർന്ന്, വെല്ലുവിളികളെല്ലാം ഏറ്റെടുത്ത് വിവിധ മേഖലകളിൽ സാന്നിധ്യമുറപ്പിച്ച കമ്പനിയെ അസാധ്യമായ നേൃത്വ മികവോടെ നയിച്ചു. ‘ടെറ്റ്ലി’, ‘ജാഗ്വർ ലാൻഡ് റോവർ’ തുടങ്ങിയ കമ്പനികൾ ഏറ്റെടുക്കുന്നത് രത്തന്റെ കാലത്താണ്. ആഗോള വ്യവസായത്തിൽ ടാറ്റയുടെ മുദ്ര വ്യാപിപ്പിക്കാൻ അദ്ദേഹത്തിനായി. വരുമാനത്തിന്റെ പകുതിയിലേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റിവെച്ച വ്യവസായിയായിരുന്നു. വിവിധ കമ്പനികളിലും സ്റ്റാർട്ട്അപ്പുകളിലും ടാറ്റയുടെ നിക്ഷേപം വ്യാപിപ്പിക്കുന്നതിലും രത്തൻ ശ്രദ്ധ കേന്ദ്രീകരിച്ചു. 21 വർഷം ടാറ്റയെ നയിച്ച അദ്ദേഹത്തിന്റെ കാലത്ത് കമ്പനിയുടെ വരുമാനം 40 മടങ്ങ് വർധിച്ചു. ലാഭം 50 മടങ്ങും കൂടി. 75 വയസ്സ് പൂർത്തിയായ 2012ലാണ് ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് അധികാരങ്ങൾ വിട്ടൊഴിഞ്ഞത്. അവിവാഹിതനാണ്.
പദ്മ ഭൂഷൺ, പദ്മവിഭൂഷൺ തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല, രാജ്യത്തിന്റെത്തന്നെ അസ്തിത്വം രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചയാളാണ് രത്തൻ എന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.