ന്യൂഡൽഹി: പ്രയാഗ്രാജിലെ മാഘ മേളയിൽ മൗനി അമാവാസി നാളിൽ 'ശാഹി സ്നാൻ' എന്ന പുണ്യസ്നാനം ചെയ്യാൻ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദക്കായില്ല. ശങ്കരാചാര്യരുടെ അനുയായികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വിഡിയോ വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച കോൺഗ്രസ് വക്താവ് പവൻ ഖേര ചരിത്രത്തിൽ ആദ്യമായാണ് ഒരു ശങ്കരാചാര്യരോട് ഭരണാധികാരികൾ ഇങ്ങനെ ചെയ്തതെന്ന് കുറ്റപ്പെടുത്തി. മുഗളരും ബ്രിട്ടീഷുകാരും ഒരിക്കലും ശങ്കരാചാര്യരോട് ചെയ്യാത്തതാണ് ഹിന്ദുക്കളുടെ മിശിഹ എന്ന് അവകാശപ്പെടുന്ന ബി.ജെ.പി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുക്കളുടെ പേരിൽ വോട്ട് വാങ്ങി ഭരിക്കുന്ന കക്ഷി, ഹിന്ദു മതത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തുള്ള സന്യാസി വര്യനായ ശങ്കരാചാര്യരെ പ്രയാഗ്രാജിൽ മൗനി അമാവാസി ദിനത്തിൽ പുണ്യ സ്നാനത്തിന് അനുവദിച്ചില്ലെന്ന് കോൺഗ്രസ് വക്താവ് വിശദീകരിച്ചു. അധികാരത്തിലെത്താൻ ഹിന്ദുമതത്തെ ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവർ നമ്മുടെ സന്യാസിമാരോടും ഹിന്ദു മതത്തിന്റെ നേതാക്കളോടും ചെയ്യുന്നത് ഇതാണ്. അലഹബാദിന്റെ പേര് മാറ്റി പ്രയാഗ്രാജ് ആക്കും. എന്നാൽ പ്രയാഗ്രാജിൽ എന്താണ് സംഭവിക്കുന്നത്? മഹാ കുംഭമേളക്ക് നിങ്ങളെയും എന്നെയും പോലുള്ള സാധാരണ മനുഷ്യർ പോയാൽ മരിക്കാം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാം. പുണ്യസ്നാനം ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർക്ക് അത് പ്രശ്നമല്ല, അതൊന്നും അവരെ അലട്ടുന്നുമില്ല.
ഇവരുടെ രാഷ്ട്രീയത്തിൽ മുസ്ലിംകൾക്ക് എന്ത് സ്ഥാനമുണ്ടെന്ന് എല്ലാവർക്കുമറിയാമെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു. ആ രാഷ്ട്രീയത്തിനെതിരെ ഞങ്ങൾ പോരാടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഒരു മുസ്ലിം കോളജിൽ പഠിച്ചാൽ അവർ സ്ഥാപനം അടച്ചുപൂട്ടും. ഹിന്ദു കുട്ടികൾക്കായി ഒരു മുസ്ലിം സ്കൂൾ തുറന്നാൽ ആ സ്കൂളും അടച്ചുപൂട്ടും. ഒരു മുസ്ലിം റോഡിലിറങ്ങിയാൽ അവർ അവന്റെ താടിയും തൊപ്പിയും വലിക്കും.
മൂന്നുദിവസം മുമ്പ് ഒഡിഷയിൽ സംഭവിച്ചതുപോലെ അവനെ തല്ലിക്കൊല്ലും. ഇതിനുമുമ്പ് പെഹ്ലു ഖാൻ, അഹ്ലാഖ് ഖാൻ, ജുനൈദ് തുടങ്ങിയവരെ തല്ലിക്കൊന്നതിന്റെ നിരവധി ഉദാഹരണങ്ങളുമുണ്ട്. മുസ്ലിംകളോടുള്ള രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും അറിയാം. എന്നാലിപ്പോൾ ഹിന്ദുക്കൾക്കെതിരെയും തിരിഞ്ഞിരിക്കുന്നു. ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദക്കെതിരെ തിരിഞ്ഞത് ബി.ജെ.പിയെ വാഴ്ത്താൻ വിസമ്മതിക്കുന്നത് കൊണ്ടാണ്. ഭക്തരെ വിഡ്ഢികളാക്കി ഹിന്ദുക്കളുടെ മിശിഹ ചമയരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.