പ്രചരിക്കുന്ന വിഡിയോയിൽ നിന്നുള്ള ദൃശ്യം
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിലെ നിശാക്ലബ്ബിൽ ആഘോഷത്തിലാണെന്ന് ചൂണ്ടിക്കാട്ടി പ്രചാരണവുമായി ബി.ജെ.പി. ഐ.ടി വിഭാഗം മേധാവി അമിത് മാളവ്യയാണ് ഇതുസംബന്ധിച്ച് വിഡിയോ ട്വീറ്റ് ചെയ്തത്. പിന്നാലെ രാഹുൽ ഗാന്ധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വാദപ്രതിവാദമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
മുംബൈയിൽ സംഘർഷം നടക്കുമ്പോൾ രാഹുൽ നൈറ്റ് ക്ലബ്ബിൽ ആഘോഷിക്കുകയാണെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. കോൺഗ്രസ് പൊട്ടിത്തെറിക്കുമ്പോൾ രാഹുൽ ഉല്ലസിക്കുകയാണെന്നും അമിത് മാളവ്യ പറഞ്ഞു.
പിന്നാലെ, ബി.ജെ.പിക്ക് മറുപടിയുമായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല രംഗത്തെത്തി. ക്ഷണിക്കപ്പെട്ട അതിഥിയായി സുഹൃത്തിന്റെ വിവാഹത്തിന് നേപ്പാളിൽ പോയതാണ് രാഹുൽ ഗാന്ധിയെന്നും മറിച്ച് ക്ഷണിക്കപ്പെടാതെ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജന്മദിനാഘോഷത്തിന് മോദി പോയതുപോലെ അല്ലെന്നും സുർജേവാല തിരിച്ചടിച്ചു. കല്യാണങ്ങളിൽ പങ്കെടുക്കുന്നതിൽ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വിലക്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുഹൃത്തുക്കളുടെ കല്യാണങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരുന്നത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അതെങ്ങിനെയാണ് വിവാദമാകുന്നതെന്നും രൺദീപ് സുർജേവാല ചോദിച്ചു.
രാഹുൽ ഗാന്ധി സുഹൃത്തും മാധ്യമപ്രവർത്തകയുമായ സുംമ്നിന ഉദാസിന്റെ വിവാഹത്തിനായി നേപ്പാളിലെത്തിയതാണെന്ന് 'കാഠ്മണ്ഡു പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.