തൊഴിലാളികളുടെ കൂട്ടപലായനം: കേന്ദ്ര നടപടിയില്ലാത്തത് നാണക്കേട് -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിയ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാൻ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എം.പി. കുടിയേറ്റ തൊഴിലാളികളുടെ വേദനകൾ പങ്കുവെച്ച രാഹുൽ ട്വീറ്ററിലൂടെയാണ് കേന്ദ്രത്തിന് വിമർശിച്ചത്.

"തൊഴിൽ നഷ്ടപ്പെട്ട, ഭാവി തകർന്ന ദശലക്ഷകണക്കിന് സഹോദരന്മാരും സഹോദരിമാരും സ്വന്തം നാട്ടിലേക്ക് പോകാനുള്ള പോരാട്ടത്തിലാണ്. ഇന്ത്യൻ പൗരന്മാരായ ഇവരോട് ഇത്തരത്തിൽ പെരുമാറുന്നത് നാണക്കേടാണ്. കൂട്ടപലായനം നേരിടാനുള്ള ഒരു നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ല" -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കുടിയേറ്റ തൊഴിലാളികൾ പാലായനം ചെയ്യുന്നതിന്‍റെ വിഡിയോയും രാഹുൽ പങ്കുവെച്ചിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഭക്ഷണവും പാർപ്പിടവും നൽകണമെന്ന്​ കേന്ദ്ര സർക്കാറിനോട് രാഹുൽ ട്വിറ്റിലൂടെ നേരത്തെ​ അഭ്യർഥിച്ചിരുന്നു.

വിവിധ ഇടങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ സഹായിക്കാൻ നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട് കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തു വന്നിരുന്നു. ഭക്ഷണം പോലുമില്ലാതെ കൊടുംചൂടിൽ കാൽനടയായി വീടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളിക​ളെ സഹായിക്കണം. ഡൽഹിയിലെ അതിർത്തികളിൽ നിന്ന് ദുരിത വാർത്തയാണ്​ പുറത്തു വരുന്നത്​.

ആയിരക്കണക്കിന് ആളുകൾ അവരുടെ വീടുകളിലേക്ക് കാൽനടയായി യാത്ര തുടങ്ങിയിരിക്കുന്നു. അവർക്ക് ഭക്ഷണമോ മറ്റു തരത്തിലുള്ള സഹായമോ ലഭിക്കുന്നില്ല. കൊറോണ വൈറസിന്‍റെ ഭീകരത, തൊഴിലില്ലായ്മ, പട്ടിണി എന്നിവയാണ്​ സ്വന്തം ഗ്രാമങ്ങളിലേക്ക് നടക്കാൻ അവരെ പ്രേരിപ്പിക്കുന്നത്​. അവരെ സഹായിക്കാൻ സർക്കാറിനോട് അഭ്യർഥിക്കുകയാണെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

കോവിഡ്​ 19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ കാരണം ആയിരകണക്കിന് കുടിയേറ്റക്കാരാണ്​ നഗരങ്ങളിൽ നിന്നും കാല്‍നടയായി വീടുകളിലേക്ക് മടങ്ങുന്നത്​. പാസഞ്ചർ ട്രെയിനുകളും അന്തർ സംസ്ഥാന ബസുകളും ഉൾപ്പെടെ എല്ലാ ഗതാഗത സേവനങ്ങളും റദ്ദാക്കിയതോ​ടെയാണ്​ ഇവർ ​പെരുവഴിയിലായത്​.

Tags:    
News Summary - Rahul Gandhi terms govt’s treatment of migrant workers -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.