'രാജ്യത്ത് ജനാധിപത്യം മരിക്കുന്നു, സേച്ഛാധിപത്യം വാഴുന്നു'; കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കൾക്കെതിരെ എല്ലാ കേന്ദ്ര ഏജൻസികളെയും അഴിച്ചുവിട്ട് നരേന്ദ്രമോദി സർക്കാർ രാജ്യത്ത് സ്വേച്ഛാധിപത്യത്തിന് തുടക്കമിടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റം, ജി.എസ്.ടി, തൊഴിലില്ലായ്മ എന്നിവക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏഴ് പതിറ്റാണ്ടുകൾകൊണ്ട് നമ്മൾ നേടിയെടുത്തത് അഞ്ച് വർഷം കൊണ്ട് നശിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമാണ് നമ്മൾ കാണുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ അവഗണിക്കുക എന്നതാണ് ഈ സർക്കാറിന്റെ ഏക അജണ്ട. ഈ സർക്കാറിനെതിരെ സംസാരിക്കുന്ന ആരെയും ക്രൂരമായി ആക്രമിക്കുന്നു, ജയിലിലടക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ അനുവദിക്കുന്നില്ല. ഇന്ന് ഇന്ത്യയിൽ ജനാധിപത്യമില്ല, നാല് പേരുടെ സ്വേച്ഛാധിപത്യമാണ് നിലനിൽക്കുന്നത്' -രാഹുൽ ഗാന്ധി പറഞ്ഞു.

എത്രത്തോളം താൻ സത്യം പറയുന്നോ അത്രത്തോളം തന്നെ ആക്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിപ്പിക്കാണ് കോൺഗ്രസ് നീക്കം. എം.പിമാർ വിജയ് ചൗക്കിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിൽ പ്രവർത്തക സമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

അതേസമയം രണ്ട് മാർച്ചുകൾക്കും ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. കനത്ത പൊലീസ് സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. നാഷനൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തെയും നേതാക്കളെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിടാതെ പിന്തുടരുന്നതിനിടെയാണ് കോൺഗ്രസിന്‍റെ പ്രതിഷേധം.

Tags:    
News Summary - Rahul Gandhi Says "Onset of Dictatorship" In Attack On Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.