പട്യാല കാളിവേദി ക്ഷേത്രത്തിൽ യുവാവ് അതിക്രമിച്ചു കടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം
പട്യാല: പട്യാലയിലെ കാളിദേവി ക്ഷേത്രത്തിൽ അതിക്രമിച്ചുകടന്ന് അശുദ്ധമാക്കാൻ ശ്രമിച്ച യുവാവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന മണ്ഡപത്തിലേക്ക് ഇയാൾ ചാടിക്കയറുകയായിരുന്നു. വിഗ്രഹത്തിന്റെ തൊട്ടരികിൽ വരെ ഇയാൾ എത്തുകയും ചെയ്തു. പൂജാരിയും പ്രാർഥിക്കാനെത്തിയവരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
പട്യാലയിലെ നൈൻകലൻ ഗ്രാമത്തിൽ നിന്നുള്ള യുവാവ് ആണ് പിടിയിലായതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു. മതവിശ്വാസം വ്രണപ്പെടുത്തിയതിനും അതിക്രമിച്ച് ക്ഷേത്രത്തിൽ കടന്നതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പട്യാല പൊലീസ് സൂപ്രണ്ട് ഹർപാൽ സിങ് പറഞ്ഞു.
പഞ്ചാബിൽ അടുത്തിടെയായി ആരാധനാലയങ്ങളിൽ അതിക്രമിച്ചുകയറി അശുദ്ധമാക്കാനുള്ള ശ്രമങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ഡിസംബറിൽ സിഖ് മതസ്ഥരുടെ പ്രധാന ആരാധനാലയമായ സുവർണക്ഷേത്രം അശുദ്ധമാക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. സുവർണക്ഷേത്രം അശുദ്ധമാക്കാനുള്ള മറ്റൊരു ശ്രമവും അടുത്തിടെ നടന്നിരുന്നു. പട്യാല കാളിദേവി ക്ഷേത്രം അശുദ്ധമാക്കാൻ നടന്ന ശ്രമത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി അപലപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ഐക്യവും സമാധാനവും തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സംസ്ഥാനത്ത് സമാധാനം കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സംഭവത്തെ അപലപിച്ചു. പഞ്ചാബിന്റെ സമാധാനം തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് പറഞ്ഞ അമരീന്ദർ സിങ്, സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകരാതിരിക്കാനുള്ള കർശന നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബിൽ സമാധാനം തകർക്കാനുള്ള നിരവധി ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറ്റവാളികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഡിസംബറിൽ സുവർണക്ഷേത്രത്തിൽ ദിവസേനയുള്ള പ്രാർഥനക്കിടെ നിയന്ത്രണവേലിക്ക് മുകളിലൂടെ ചാടിക്കടന്ന യുവാവിനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന് മുന്നിൽ സൂക്ഷിച്ചിരുന്ന വാളിൽ തൊടാനാണ് യുവാവ് ശ്രമിച്ചത്. ഏകദേശം 20നും 25നും ഇടയിൽ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. വാൾ എടുക്കാൻ ശ്രമിച്ചതോടെ ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നവർ യുവാവിനെ കടന്നുപിടിക്കുകയും മർദിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.