പുനരധിവാസ ഉദ്യോഗസ്ഥനെ  ഡാമിലെറിയണമെന്ന് ബോംബെ ഹൈകോടതി

മുംബൈ: പുണെ ചസ്കമന്‍ ഡാം നിര്‍മാണത്തിനിടെ വീട് നഷ്ടപ്പെട്ട കര്‍ഷകരെ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പുനരധിവസിപ്പിക്കാത്ത ഉദ്യോഗസ്ഥനെ അതേ ഡാമിലെറിയണമെന്ന് ബോംബെ ഹൈകോടതി. വീട് നഷ്ടപ്പെട്ട കര്‍ഷകരിലൊരാളായ ബാജിറാവ് ബംബലെ നല്‍കിയ ഹരജി പരിഗണിക്കെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് ഗിരീഷ് കുല്‍കര്‍ണിയും ഉള്‍പ്പെട്ട ബെഞ്ചിന്‍െറതാണ് രോഷപ്രകടനം. ആവര്‍ത്തിച്ച് ഉത്തരവിട്ടിട്ടും നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

അയാള്‍ക്ക് ഇരിക്കാന്‍ ഒരു കസേരയുണ്ട്. ഒന്നും ചെയ്യുന്നില്ളെങ്കിലും ഉളുപ്പില്ലാതെ ശമ്പളം വാങ്ങുന്നുമുണ്ട്. ഹൃദയശൂന്യനാണ് അയാള്‍ -കോടതി പറഞ്ഞു. മകനെയും മരുമകളെയും നഷ്ടപ്പെട്ട വൃദ്ധ പേരക്കുട്ടിയുടെ കൈപിടിച്ച് പുണെ തെരുവിലിറങ്ങിയ കാഴ്ച ഹരജിക്കാരന്‍െറ അഭിഭാഷക വിവരിക്കവെയാണ് കോടതി രോഷംകൊണ്ടത്. ഇത്തരം കടുത്ത വാക്കുകള്‍ പ്രയോഗിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങളുടെ വാക്കോ അയാള്‍ കര്‍ഷകരോട് ചെയ്തതോ കഠോരമെന്ന മറുചോദ്യമാണ് കോടതി ഉന്നയിച്ചത്. അവര്‍ക്ക് വീടില്ലാത്തതും ഉപജീവനത്തിന് ഭൂമിയില്ലാത്തതും മറ്റാരുടെയും മനസ്സലിയിക്കുന്നില്ളെന്നും കോടതി ചൂണ്ടിക്കാട്ടി. ചസ്കമന്‍ ഡാം പദ്ധതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ എടുത്ത നടപടി നേരിട്ട് ഹാജരായി അറിയിക്കാന്‍ പുണെ ജില്ല കലക്ടറോട് കോടതി ഉത്തരവിട്ടു. 
 

Tags:    
News Summary - Pune resettlement officer should be thrown in the dam: Bombay HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.