ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി സർവീസ് തുടങ്ങുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ നിരക്കുകൾ പുറത്ത്. പുതിയ ട്രെയിനിൽ ആർ.എ.സി(റിസർവേഷൻ എഗൈൻസ്റ്റ് കാൻസലേഷൻ) ഉണ്ടാവില്ല. വെയിറ്റിങ് ലിസ്റ്റ്, ഭാഗികമായി സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റുള്ളവർ എന്നിവർക്ക് പുതിയ വന്ദേഭാരത് സ്ലീപ്പറിൽ യാത്ര ചെയ്യാനാവില്ല.
രാജധാനിയേക്കാളും അധികനിരക്കാണ് വന്ദേഭാരത് സ്ലീപ്പറിന് റെയിൽവേ ചുമത്തുന്നത്. 400 കിലോ മീറ്ററിനാണ് വന്ദേഭാരത് സ്ലീപ്പറിൽ മിനിമം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ത്രീ ടയർ എ.സിക്ക് 400 കിലോ മീറ്ററിന് 960 രൂപയാണ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. സെക്കൻഡ് എ.സി 1,240 രൂപയും ഫസ്റ്റ് ക്ലാസ് എ.സിക്ക് 1,520 രൂപയും മിനിമം നിരക്കായി നൽകും. മിനിമം ചാർജ് കഴിഞ്ഞാൽ തേർഡ് എ.സിയിൽ കിലോമീറ്ററിന് 2.4 രൂപയും സെക്കൻഡ് എ.സി 3.1 രൂപയും ഫസ്റ്റ് എ.സിയിൽ 3.8 രൂപയും അധികനിരക്ക് നൽകേണ്ടിവരും.
കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ: പരിഗണിക്കുന്നത് മൂന്ന് റൂട്ടുകൾ
അധികം വൈകാതെ കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ ലഭിക്കുമെന്ന ഉറപ്പാക്കുമ്പോഴും ഏത് റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പർ വരികയെന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഇതുവരെ മാറിയിട്ടില്ല. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അസമിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് സർവീസ് തുടങ്ങിയത്. ഈ വര്‍ഷം തന്നെ 12 പുതിയ ട്രെയിനുകള്‍ കൂടി രംഗത്തിറക്കുമെന്നും ഇതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നുമാണ് സൂചന.
വന്ദേഭാരത് സ്ലീപ്പർ ഓടിക്കാൻ പ്രധാനമായും റെയിൽവേക്ക് മുന്നിലുള്ളത് മൂന്ന് പ്രധാന റൂട്ടുകളാണ്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നിവയാണ് റെയിൽ പരിഗണിക്കുന്ന റൂട്ടുകൾ. ഇതിൽ തന്നെ തിരുവനന്തപുരത്തുനിന്ന് ചെന്നൈ, തിരുവനന്തപുരം - ബംഗളുരു എന്നീ റൂട്ടുകൾക്കാണ് മുൻഗണന. കേരളം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രക്ക് കൂടുതൽ പ്രാമുഖ്യം നൽകാനും സാധ്യതയുണ്ട്. എന്നാൽ തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ നിലവിൽ ഓടുന്ന രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളുടെ വരുമാനം റൂട്ടിന് അനുകൂലഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.