ഐ.എൻ.എസ് കൽവരി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

മുംബൈ: ഐഎൻഎസ് കൽവരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. മുംബൈയിലെ മസ്ഗാവ് ഡോക്കിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി നിർമല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. കടൽ വഴിയുള്ള ഭീകരാക്രമണങ്ങളെ തടയാൻ കൽവരിക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു മുങ്ങിക്കപ്പൽ ഇന്ത്യക്ക് സ്വന്തമാകുന്നത്. ഇന്ത്യൻ നേവിയുടെ സുരക്ഷക്ക് ഈ കപ്പൽ വലിയൊരു മുതൽക്കൂട്ടാകും. ചരിത്രപരമായ ഈ ദിനത്തിൽ വളരെ അഭിമാനപൂർവമാണ് ഐ.എൻ.എസ് കൽവരി രാജ്യത്തിന് സമർപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.  

സ്കോർപീയൻ ക്ലാസിലെ ആദ്യ ഇന്ത്യൻ മുങ്ങിക്കപ്പലാണ് ഐ.എൻ.എസ് കൽവരി. കടലിനടിയില്‍നിന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാനാവാതെ അതിശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് ഈ മുങ്ങിക്കപ്പൽ. ഫ്രാൻസിന്‍റെ സഹായത്തോടെ ഇന്ത്യ നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതാണിത്. 

മുംബൈയിലെ മസഗോണ്‍ ഡോക് ലിമിറ്റഡിലായിരുന്നു ഐഎൻഎസ് കൽവരിയുടെ നിർമാണം. കഴിഞ്ഞ 120 ദിവസമായി മുങ്ങികപ്പലിന്‍റെ പരീക്ഷണം നടന്നുവരികയായിരുന്നു. 2005-ലാണ് ഇതുസംബന്ധിച്ച് 23,600 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത്.

61.7 മീറ്റര്‍ നീളമുള്ള ഈ അന്തർവാഹിനിക്ക് കടലിന്നടിയില്‍ 20 നോട്ടിക്കല്‍മൈല്‍ വേഗത്തിലും ജലോപരിതലത്തില്‍ 12 നോട്ടിക്കല്‍മൈല്‍ വേഗത്തിലും  1150 അടി ആഴത്തിലും സഞ്ചരിക്കാൻ കഴിയും. 18 ടോര്‍പിഡോകള്‍, 30 മൈനുകള്‍, 39 കപ്പല്‍വേധ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുണ്ട്. 40 ദിവസത്തോളം കടലിനടിയില്‍ കഴിയാനും കൽവരിക്ക്  സാധിക്കും. 
 

Tags:    
News Summary - PM Modi dedicates INS Kalvari to nationiNdia news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.