കൊലപാതക ശ്രമക്കേസിൽ പ്രതിയായ നേതാവിനെ പാലഭിഷേകം നടത്തി സ്വീകരിച്ച് കോൺഗ്രസ്

ഇന്ദോർ: കൊലപാതക ശ്രമകേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ജാമ്യത്തിലിറങ്ങിയപ്പോൾ പാലഭിഷേകം നടത്തി അനുയായികൾ. ബി.ജെ.പി നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ നേതാവ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് വാദ്യഘോഷങ്ങ​ളോടെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. സ്വീകരണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

രാജു ഭഡോരിയക്കാണ് പ്രവർത്തകർ വൈറൽ സ്വീകരണമൊരുക്കിയത്. ജൂലൈ 13ന് രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി നേതാവായ ചൗണ്ടോരോ ഷിൻഡയെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. ജൂലൈ ആറിനായിരുന്നു കൊലപാതക ശ്രമം. തുടർന്ന് ബുധനാഴ്ചയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

ജയിലിൽ നിന്നും നേതാവിനെ സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകർ ജാഥയായി എത്തുകയായിരുന്നു. തുടർന്ന് പാലഭിഷേകവും നടത്തി. അക്രമകാരി​കളെ മഹത്വവൽക്കരിക്കുന്നതിലൂടെ രാഷ്ട്രീയത്തെ ക്രിമിനൽവൽക്കരിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ, കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് പാർട്ടി സെക്രട്ടറി നീലാഭ് ശുക്ലയുടെ ആരോപണം. ബി.ജെ.പി നേതാവിനെതിരായ ആക്രമണം നടക്കുമ്പോൾ ഭഡോരിയ സ്ഥലത്തില്ലെന്നും കോൺഗ്രസ് വാദിച്ചു.


Tags:    
News Summary - On Camera: Milk bath welcome to Neta released on bail and accused of murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.