ഭുവനേശ്വർ: ഒഡീഷയിൽ ഇനി മുഖാവരണം ധരിക്കാതെ എത്തുന്നവർക്ക് പെട്രോൾ നൽകില്ലെന്ന് പമ്പുടമകൾ. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് മാസ്ക് ഒഡീഷ സർക്കാർ നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പമ്പുകളിൽ മാസ് കില്ലാതെ എത്തുന്നവർക്ക് പെട്രോൾ നൽകില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഉത്കൽ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഞ്ജയ് ലാത്താണ് പുതിയ തീരുമാനം അറിയിച്ചത്. സംസ്ഥാനത്തെ 1600 പെട്രോൾ പമ്പുകൾക്ക് തീരുമാനം ബാധകമാണ്. ജനങ്ങൾ സർക്കാർ ഉത്തരവുകൾ പാലിക്കുന്നതിനാണ് പുതിയ നിബന്ധന കൊണ്ടുവന്നതെന്ന് ഉത്കൽ പറഞ്ഞു. പെട്രോൾ പമ്പുകളിലെ ആയിരക്കണക്കിന് ജീവനക്കാർ ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നത്. പമ്പുകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഒഡീഷയിലെ പലചരക്ക്, പച്ചക്കറി കടകളിലും മാസ്ക്കില്ലാത്തവർക്ക് സാധനങ്ങൾ നൽകുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. വീടിന് പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കി ഒഡീഷ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിക്കുന്നവർക്ക് പരമാവധി 500 രൂപ വരെ പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.