ആംബുലൻസ് ലഭിച്ചില്ല; തെലങ്കാനയിൽ മകന്റെ മൃതദേഹം ഉന്തുവണ്ടിയിൽ വീട്ടിലെത്തിച്ച് കുടുംബം

ഹൈദരാബാദ്: തെലങ്കാനയിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മകന്റെ മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റി വീട്ടിലെത്തിച്ച് കുടുംബം. കരിംനഗർ ജില്ലയിൽ ശങ്കരപട്ടണം ഗ്രാമത്തിലാണ് സംഭവം. അസുഖത്തെ തുടർന്ന് യാകുബ് എന്ന യുവാവാണ് മരിച്ചത്.

സ്വകാര്യ ആംബുലൻസിന് പണം നൽകാൻ നിർധന കുടുംബത്തിന് കഴിഞ്ഞില്ല. സർക്കാർ ആംബുലൻസ് സൗകര്യവും ലഭ്യമല്ലായിരുന്നു. തുടർന്ന് കുടുംബം മകന്റെ മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റി വീട്ടിലെത്തിക്കാൻ നിർബന്ധിതരാകുകയായിരുന്നു. അടിയന്തര ഘട്ടങ്ങളിൽപോലും അടിസ്ഥാന ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുറന്നുകാട്ടുന്ന സംഭവങ്ങൾ ഇതിനുമുമ്പും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഫരീദാബാദിലെ ഒരു ആശുപത്രിയിൽ ക്ഷയരോഗബാധിതയായ 35കാരി മരിച്ചിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ സഹായം നിഷേധിച്ചതിനെത്തുടർന്ന് കുടുംബം മോട്ടോർ ഘടിപ്പിച്ച ഉന്തുവണ്ടിയിലാണ് മൃതദേഹം 12 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് എത്തിച്ചത്. മാതാവിന്റെ മുഖം തുണികൊണ്ട് മറക്കുന്ന മകന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

2025 ആഗസ്റ്റിൽ തെലങ്കാനയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ആംബുലൻസ് കൃത്യസമയത്ത് എത്താത്തതിനെ തുടർന്ന് ഉന്തുവണ്ടിയിൽ മൃതദേഹം കൊണ്ടുപോകേണ്ടി വന്നിരുന്നു. ടിപ്പർ ലോറി മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 26കാരന്റെ മൃതദേഹമാണ് പൊലീസ് ഉന്തുവണ്ടിയിൽ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചെങ്കിലും കൃത്യസമയത്ത് എത്താത്തതിനെ തുടർന്നാണ് പൊലീസ് മൃതദേഹം നാരങ്ങ വിൽക്കാൻ ഉപയോഗിക്കുന്ന ഉന്തുവണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.

Tags:    
News Summary - No ambulance available Telangana family takes dead son home on pushcart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.