'സർക്കാർ ചെലവിൽ വിദേശയാത്ര വേണ്ട'; ചെലവ് ചുരുക്കാൻ ഉദ്യോഗസ്ഥരുടെ വിമാനയാത്രകൾ വിലക്കി മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശ്: സംസ്ഥാനത്തെ കടബാധ്യതകൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾക്ക് ധനകാര്യ വകുപ്പ് കർശനമായ വിലക്കേർപ്പെടുത്തി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പുറത്തിറക്കിയ പുതിയ ചെലവ് ചുരുക്കൽ മാർഗനിർദ്ദേശങ്ങളിലാണ് ഈ നിർണായക തീരുമാനം ഉള്ളത്. നിലവിൽ ഏകദേശം 5.61 ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യതയാണ് സംസ്ഥാന സർക്കാരിന് മേലുള്ളത്. ഇത് മറികടക്കാൻ വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു.

ഇനി മുതൽ കേന്ദ്ര സർക്കാരോ മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളോ പൂർണമായും ചെലവ് വഹിക്കുന്ന അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥർക്ക് വിദേശയാത്രകൾ അനുവദിക്കുകയുള്ളൂ. ഇതുകൂടാതെ അടുത്ത രണ്ട് വർഷത്തേക്ക് ഇന്ത്യക്കകത്തുള്ള ഔദ്യോഗിക യാത്രകൾക്ക് ഉദ്യോഗസ്ഥർ ഇക്കോണമി ക്ലാസ്സ് ടിക്കറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും കർശന നിർദ്ദേശമുണ്ട്. പുതിയ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൾ യാതൊരുവിധ ആഡംബരങ്ങളുമില്ലാതെ ലളിതമായി നടത്താനും തീരുമാനമായിട്ടുണ്ട്.

ഭരണപരമായ ചെലവുകൾ ഇനിയും കുറക്കുന്നതിന്‍റെ ഭാഗമായി സർക്കാർ വകുപ്പുകളും കോർപ്പറേഷനുകളും സ്വന്തമായി കലണ്ടറുകളും ഡയറികളും അച്ചടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ, സ്വകാര്യ ഹോട്ടലുകളിലോ സ്ഥാപനങ്ങളിലോ വെച്ച് വർക്ക്‌ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കാൻ പാടില്ല. ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയാനായി ഒരേ സ്ഥലത്തേക്ക് ഒന്നിലധികം ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഒരു വാഹനം മാത്രമേ ഉപയോഗിക്കാവൂ എന്നും അർഹതപ്പെട്ടതിലും കൂടുതൽ വാഹനങ്ങൾ കൈവശം വെച്ചിട്ടുള്ള ഉദ്യോഗസ്ഥർ അവ ഉടൻ തന്നെ തിരിച്ചേൽപ്പിക്കണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - Madhya Pradesh bans overseas trips for officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.