ന്യൂഡൽഹി: ദേശീയപാതകളിൽ കാത്തുകെട്ടികിടന്ന് ടോള്‍ നൽകുന്ന നിലവിലെ സമ്പ്രദായം അവസാനിപ്പിച്ച് യാത്രക്കാര്‍ക്ക് തടസമില്ലാത്ത പുതിയ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പുതിയ സംവിധാനം നിലവിൽ പത്തിടങ്ങളിൽ പരീക്ഷിച്ചു കഴിഞ്ഞെന്നും ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ ടോൾ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ‘ഈ ടോൾ സമ്പ്രദായം അവസാനിക്കും. ടോളിന്റെ പേരില് നിങ്ങളെ തടയാൻ ആരുമുണ്ടാവില്ല. ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പാക്കുമെന്നും’ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് നിലവില്‍10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പ്രോജക്റ്റുകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ഗഡ്കരി സഭയെ അറിയിച്ചു.
അതിനിടെ, കേരളത്തിലെ എന്‍എച്ച് 66 ന്‍റെ മുഴുവന്‍ റീച്ചുകളും ഡിസംബറിൽ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്ന് ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബറിൽ പറഞ്ഞിരുന്നു.
‘നിതിന്‍ ഗഡ്കരിയുമായി വിശദമായ കൂടിക്കാഴ്ച നടത്തുകയും നിവേദനം കൈമാറുകയും ചെയ്തു. ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം കേരളം പരിഹരിച്ച വിഷയങ്ങളും നിര്‍മ്മാണ പുരോഗതി സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ ആശങ്കയും മറ്റ് പ്രശ്നങ്ങളും നിവേദനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ദേശീയപാത വികസനത്തില്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന പ്രത്യേക താല്പര്യത്തെ മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ എന്‍എച്ച് 66 ലെ പ്രവൃത്തിയിലെ 16 റീച്ചുകളുടെയും വിശദമായ റിവ്യൂ മീറ്റിംഗില്‍ നടന്നു.
ദേശീയപാത വികസനം പൂർത്തിയാക്കാൻ അദ്ദേഹം തന്നെ മുന്‍കൈയ്യെടുത്ത് മുഴുവന്‍ കോണ്‍ട്രാക്ടര്‍മാരുടെയും ഒരു അടിയന്തര യോഗം വിളിച്ചു കൂട്ടുവാന്‍ തീരുമാനിച്ചു. പ്രവൃത്തി പുരോഗതി നേരില്‍ പരിശോധിക്കാന്‍ കേരളം സന്ദര്‍ശിക്കുമെന്നും ഗഡ്ഗരി അറിയിച്ചു. പൂര്‍ത്തികരിച്ച റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പാതാ വികസനത്തില്‍ കേരളം കാണിക്കുന്ന പ്രത്യേക താല്പര്യം കണക്കിലെടുത്ത് സ്ഥലമെറ്റെടുക്കലിന്‍റെ ബാക്കി തുക ഏകദേശം 237 കോടി രൂപ എഴുതിതള്ളാനുള്ള ആവശ്യവും അദ്ദേഹം അംഗീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.