ഹോസ്റ്റൽ പ്രവേശനത്തിന് ഇടപെട്ട മുൻ ജില്ല പഞ്ചായത്ത് അംഗത്തെയും പീഡിപ്പിച്ചു; പ്രജ്വൽ രേവണ്ണക്കെതിരെ പുതിയ പരാതി

ബംഗളൂരു: ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണക്കെതിരെ കൂടുതൽ പരാതികൾ. മുൻ ജില്ല പഞ്ചായത്ത് അംഗം നൽകിയ പീഡന പരാതിയിൽ പ്രജ്വൽ രേവണ്ണക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു വർഷം മുമ്പ് നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച പരാതിയുമായാണ് മുൻ ജില്ല പഞ്ചായത്ത് അംഗം രംഗത്തുവന്നത്.

കോളജ് വിദ്യാർഥിനികൾക്ക് ഹോസ്റ്റൽ പ്രവേശം ലഭിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി സമീപിച്ച തന്നെ പ്രജ്വൽ രേവണ്ണ അദ്ദേഹത്തിന്റെ എം.പി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പീഡിപ്പിക്കുകയും വിഡിയോയിൽ പകർത്തുകയും ചെയ്തതായാണ് പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞതായും തുടർച്ചയായി ഉപദ്രവിച്ചെന്നും സംഭവം വെളിപ്പെടുത്തിയാൽ ഭർത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടു.

2021ൽ നടന്ന ലൈംഗിക അതിക്രമത്തിന്റെ അശ്ലീല വിവരണം അടങ്ങിയതാണ് പരാതി. പേടി കാരണം ഇത്രകാലം സഹിച്ച പ്രയാസം പ്രജ്വലിനെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ച വേളയിൽ വെളിപ്പെടുത്തുകയാണെന്നും പറഞ്ഞു. പരാതിയിൽ ഒരേ സ്ത്രീയെ നിരന്തരം ബലാത്സംഗം ചെയ്യൽ, അതിക്രമം, പൊതുപ്രവർത്തകയോട് ലൈംഗിക വേഴ്ച ആവശ്യപ്പെടുക തുടങ്ങിയ വകുപ്പുകൾ പ്രകാരം എസ്.ഐ.ടി കേസെടുത്തു.

അതേസമയം, വീട്ടുവേലക്കാരിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ പ്രജ്വലിന്‍റെ പിതാവും മുൻ മന്ത്രിയും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലൈംഗിക അതിക്രമം കാണിച്ചുവെന്ന് മുമ്പ് പരാതി നൽകിയ സ്ത്രീയാണ് തട്ടിക്കൊണ്ടു പോയതായി പുതിയ പരാതി നൽകിയത്.

സ്ത്രീയുടെ മകൻ എച്ച്.ഡി. രാജുവിന്റെ (20) പരാതിയിൽ എച്ച്.ഡി. രേവണ്ണക്കെതിരെ മൈസൂരു ജില്ലയിലെ കെ.ആർ നഗർ പൊലീസ് ആണ് കേസെടുത്തത്. രേവണ്ണ ഒന്നാം പ്രതിയും തട്ടിക്കൊണ്ടുപോകാൻ നിയോഗിച്ചതായി പരാതിയിൽ പറയുന്ന സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രജ്വൽ രേവണ്ണ മത്സരിക്കുന്ന ഹാസൻ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടന്നതിന്റെ മൂന്നുദിവസം മുമ്പ് രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണക്ക് കാണണം എന്നറിയിച്ചാണ് സതീഷ് തന്റെ മാതാവിനെ ആദ്യം കൂട്ടിക്കൊണ്ടുപോയതെന്നാണ് രാജുവിന്റെ പരാതിയിലുള്ളത്. പൊലീസ് എത്ര ആവശ്യപ്പെട്ടാലും രേവണ്ണയുടെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവിടരുതെന്ന് മാതാവിനേയും പിതാവിനേയും താക്കീത് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതിന് സതീഷ് വീണ്ടുമെത്തി മാതാവിനെ കൊണ്ടുപോയി. അവർക്കെതിരെ കേസുണ്ടെന്നും വീട്ടിൽ നിന്നാൽ പൊലീസ് പിടിക്കുമെന്നും പറഞ്ഞായിരുന്നു അത്. മാതാവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയിൽ പറയുന്നു.

Tags:    
News Summary - New Sex Abuse Complaint against Prajwal Revanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.