അപകടത്തിൽ ഭാര്യ മരിച്ചു, സഹായിക്കാൻ ആരുമെത്തിയില്ല... ഒടുവിൽ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് യുവാവിന്റെ ‘മരണയാത്ര’; മനസാക്ഷി മരവിക്കും ഈ കാഴ്ച -വിഡിയോ

നാഗ്പൂർ: അജ്ഞാത വാഹനം തട്ടി മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് ഇരുചക്രവാഹനത്തെ ആംബുലൻസാക്കി മാറ്റി യുവാവ് ഓടിയത് 80 കിലോമീറ്റർ ദൂരം. ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയും, ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ ആരും സഹായിക്കാനുമില്ലാതെ മണിക്കൂറുകൾ കഴിഞ്ഞപ്പോഴായിരുന്നു യുവാവ് സ്വന്തം ബൈക്കിന് പിന്നിൽ ഭാര്യയുടെ ജീവനറ്റ ശരീരം കെട്ടിവെച്ച് കിലോമീറ്ററുകളോളം വേദനകൾ അടക്കിപ്പിടിച്ച് ‘മരണ യാത്ര’ നടത്തിയത്. നാഗ്പൂർ -മധ്യപ്രദേശ് ഹൈവേയിൽ ദിയോലപാറിൽ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗത്തിൽ പ്രചരിച്ചു.

മധ്യപ്രദേശുകാരനായ അമിത് ബുംറ യാദവ് എന്ന 36കാരനാണ്, ഭാര്യ ഗ്യാർഷി യാദവിന്റെ (35) മൃതദേഹവുമായി ബൈക്കിൽ 80 കിലോമീറ്റർ ദൂരം ഓടിയ ഹതഭാഗ്യൻ.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ..

നാഗ്പൂരിലെ ലൊനാറയിൽ താമസിക്കുന്ന അമിത് ഭാര്യക്കൊപ്പം മധ്യപ്രദേശിലെ കരൺപൂരിലേക്കുള്ള യാത്രക്കിടയിലായിരുന്നു  അപകടത്തിൽ പെട്ടത്. ഞായറാഴ്ച ഉച്ച 2.30നും മൂന്നിനു മിടയിൽ ദേശീയ പാതയിൽ ഇവർ സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ചു കടന്നു കളഞ്ഞു. ഭാര്യ ഗ്യാർഷി സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെടുകയും, അമിതിന് പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് കനത്ത മഴയുമുണ്ടായിരുന്നു. ഭാര്യയുടെ മൃതദേഹവുമായി റോഡരികിൽ നിന്ന് അമിത് നിരവധിപേരോട് സഹായമഭ്യർത്ഥിച്ചുവെങ്കിലും ആരും വാഹനം നിർത്തി സഹായിക്കാൻ തയ്യാറായില്ല. ഇതോടെയാണ് ഭാര്യയുടെ മൃതദേഹം തന്റെ ബൈക്കിന്റെ പിറകിൽ തുണിയും ​കയറും ഉപയോഗിച്ച് ബന്ധിപ്പിച്ച് യാത്രചെയ്യാൻ ഇയാൾ തീരുമാനിച്ചത്. 80 കിലോമീറ്ററോളം പിന്നിട്ട ശേഷമാണ് ​ബൈക്കിൽ മൃതദേഹം വഹിച്ചുള്ള യാത്ര ഹൈവെപൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്.  പിന്തുടർന്ന പൊലീസ് ​ബൈക്ക് നിർത്താൻ ആവശ്യപ്പെടുന്നുവെങ്കിലും ഇയാൾ ​ഓട്ടം തുടരുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന്,​ പൊലീസിന്റെയും നഗര അധികാരികളുടെയും സഹായത്തോടെ വഴിയിൽ തടഞ്ഞശേഷം, മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഫലം പുറത്തു വന്ന ശേഷം അന്വേഷണം ആരംഭിക്കുമെന്ന് റൂറൽ എസ്.പി ഹർഷ് പൊഡാർ അറിയിച്ചു.

Tags:    
News Summary - Nagpur Man Carries Wife’s Body On Motorcycle On Jabalpur National Highway After Fatal Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.