ആഗ്ര ജയിലിൽനിന്ന് സൗഹാർദ്ദ വാർത്ത; സാഹോദര്യ സന്ദേശമുയർത്തി വ്ര​തമെടുത്ത് തടവുകാർ

സാമുദായിക സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ആഗ്ര സെൻട്രൽ ജയിലിലെ തടവുകാർ ​വ്രതമനുഷ്ഠിച്ചു. നവരാത്രിയ്ക്ക് ഹിന്ദുക്കൾക്കൊപ്പം ജയിലിലെ മുസ്ലിങ്ങളും റമദാനിൽ ഹിന്ദു തടവുകാരും ഇവിടെ വ്രതമെടുക്കുന്നുണ്ടെന്ന് സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഇൻ ചാർജ് രാധാകൃഷ്ണ മിശ്ര പി.ടി.ഐയോട് പറഞ്ഞു.

‘ഇരു മതങ്ങളിൽ നിന്നുമുള്ള തടവുകാർ ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ സന്ദേശം സൃഷ്ടിക്കുന്ന ഒരു നല്ല ആശയമാണിതെന്ന്’ ജയിലർ പറഞ്ഞു. മാർച്ച് 22 നാണ് ചൈത്ര നവരാത്രി ആരംഭിച്ചത്. 23ന് വിശുദ്ധ മാസമായ റമദാനും ആരംഭിച്ചു. മുസ്ലീം തടവുകാരിൽ ചിലർ നവരാത്രി വ്രതം ആചരിച്ചുവെന്നും റമദാനിൽ ഹിന്ദു തടവുകാരിൽ ചിലർ മുസ്ലിം തടവുകാർക്കൊപ്പം നോമ്പെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയിൽ അധികൃതർ പുറത്തുവിട്ട വിഡിയോയിൽ നവരാത്രി വ്രതാനുഷ്ഠാനത്തെക്കുറിച്ചുള്ള അനുഭവം നൗഷാദ് എന്ന തടവുകാരൻ പങ്കുവെക്കുന്നുണ്ട്. ‘നവരാത്രിയുടെ ആദ്യ ദിവസം ഞാൻ വ്രതം അനുഷ്ഠിച്ചു. അവസാന ദിവസവും വ്രതം അനുഷ്ഠിക്കും. ജയിലിൽ ഞങ്ങൾ എല്ലാവരും ഐക്യത്തോടെയും എല്ലാവരുടെയും മതവികാരം മാനിച്ചുകൊണ്ടുമാണ് ജീവിക്കുന്നത്’- നൗഷാദ് വ്യക്തമാക്കി.

ജയിലിൽ 905 തടവുകാരാണ് ഉള്ളത്. ഇവരിൽ 17 മുസ്ലീങ്ങൾ നവരാത്രിയിലും 37 ഹിന്ദുക്കൾ റമദാനിലും നോമ്പെടുക്കുന്നതായി ജയിലർ അലോക് സിങ് പറഞ്ഞു. നവരാത്രി വ്രതമനുഷ്ഠിക്കുന്ന തടവുകാർക്ക് പഴങ്ങളും പാലും നൽകാനുള്ള ക്രമീകരണങ്ങൾ ജയിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. റമദാൻ വ്രതം ആചരിക്കുന്ന അന്തേവാസികൾക്ക് നോമ്പ് തുറക്കാൻ ഈന്തപ്പഴവും അധികൃതർ ക്രമീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മുതൽ ജയിൽ അധികൃതർ തടവുകാർക്കായി ‘ഭഗവത് കഥ’ സംഘടിപ്പിക്കുന്നുണ്ടെന്നും സിങ് കൂട്ടിച്ചേർത്തു. മതപരമായ ഉത്സവങ്ങളും ആചാരങ്ങളും കൈമാറാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇവിടമെന്ന് ജയിൽ തടവുകാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ ടിങ്ക ടിങ്കയുടെ സ്ഥാപക വർത്തിക നന്ദ പറഞ്ഞു. ‘വിവിധ മതങ്ങളിൽ നിന്നുള്ള തടവുകാർ ഇത്തരം ആചാരങ്ങളിൽ പങ്കെടുക്കുമ്പോൾ, അത് ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഉത്തമ ഉദാഹരണമാണ് കാണിക്കുന്നത്’- അവർ പറഞ്ഞു.


Tags:    
News Summary - Muslims inmates in Agra jail fast on Navratri, Hindus in Ramzan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.