ജയ്പൂർ: മുസ്ലിം പ്രഫസർ പഠിപ്പിക്കേണ്ടയെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ സമരരംഗത്തെത്തിയതിൽ മനംന ൊന്ത് ബനാറസ് ഹിന്ദു സർവകലാശാലയിലെ (ബി.എച്ച്.യു) സംസ്കൃത വിദ്യാധരം വിജ്ഞാനിൽ (എസ്.വി.ഡി.വി) അസിസ്റ്റൻറ് പ്രഫസറായി നിയമനം ലഭിച്ച ഡോ. ഫിറോസ് ഖാൻ ജന്മനാടായ ജയ്പൂരിലെ ബഗാരുവിലേക്ക് മടങ്ങി. അതിനിടെ, ഫിറോസ് ഖാനെ പിന്തുണച്ചും വിവിധ വിദ്യാർഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒരു പറ്റം വിദ്യാർഥികൾ രംഗത്തെത്തി.
അതേസമയം, ഫിറോ സ് ഖാൻെറ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ സമരവും തുടരുകയാണ്. ഈമാസം ഏഴിന് ജോലിയിൽ പ ്രവേശിച്ച ഫിറോസിന് വിദ്യാർഥി സമരം മൂലം ക്ലാസെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഫിറോസ് രാജിവെച്ചെന്ന വാർത്തകൾ വ ്യാജമാണെന്ന് എസ്.വി.ഡി.വി ഡീൻ വിന്ദേശ്വരി മിശ്ര വ്യക്തമാക്കി. ‘ഫിറോസ് ഖാൻ രജിസ്ട്രാർ ഓഫിസിലെത്തി ചുമതലയേറ്റ ശേഷം സർവകലാശാലയിലേക്ക് വന്നിട്ടില്ല. സംസ്കൃത വിഭാഗം മേധാവിയാണ് അദ്ദേഹം ജയ്പൂരിലെ ജന്മനാട്ടിലേക്ക് മടങ്ങിയതായി അറിയിച്ചത്’- ഡീൻ വെളിപ്പെടുത്തി. സമരത്തിലുള്ള വിദ്യാർഥികളെ ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും രണ്ട് മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെടുമെന്നും ഡീൻ പ്രത്യാശ പ്രകടിപ്പിച്ചു.
എൻ.എസ്.യു.ഐ, യൂത്ത് ഫൊർ സ്വരാജ്, എ.ഐ.എസ്.എ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള സംയുക്ത കർമ സമിതിയുടെ കീഴിലാണ് ഫിറോസ് ഖാനെ അനുകൂലിച്ച് വിദ്യാർഥികൾ അണിനിരക്കുന്നത്. ഫിറോസ് ഖാനെ അനുകൂലിച്ച് ഇതാദ്യമായാണ് വിദ്യാർഥികൾ പരസ്യമായി രംഗത്തെത്തുന്നത്. ‘ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് ഡോ. ഫിറോസ് ഖാൻ’ എന്നെഴുതിയ ബാനറുമായി വിദ്യാർഥികൾ സർവകലാശാലയുടെ ലങ്ക ഗേറ്റ് മുതൽ രവിദാസ് ഗേറ്റ് വരെ ‘ശാന്തി മാർച്ച്’ നടത്തി. ഇത് മുൻകൂട്ടി തയാറാക്കിയ പരിപാടിയായിരുന്നില്ലെന്നും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
വൈസ് ചാനസലർ രാകേഷ് ഭട്നഗറുമായി ചർച്ച നടത്തിയ വിദ്യാർഥികൾ ഈ വിഷയത്തിൽ സർവകലാശാലയുടെ നിലപാട് ആരാഞ്ഞു. ഫിറോസ് ഖാൻെറ നിയമനത്തിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സർവകലാശാല അധികൃതർ വിദ്യാർഥികളോട് പറഞ്ഞതായാണ് വിവരം. ‘ബി.എച്ച്.യുവിലെ എല്ലാ വിദ്യാർഥികളും ഡോ. ഫിറോസ് ഖാന് എതിരാണെന്ന തെറ്റായ സന്ദേശമാണ് വെളിയിൽ പ്രചരിക്കുന്നത്. സമരം നടത്തുന്ന, സങ്കുചിത ജാതിചിന്തയുള്ള പത്തോ ഇരുപതോ വിദ്യാർഥികൾ അല്ല ബി.എച്ച്.യുവിനെ പ്രതിനിധീകരിക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. അനാവശ്യ സമരം നടത്തുന്നവർ ‘സദ്ബുദ്ധി’ വീണ്ടെടുത്ത് ക്ലാസിലേക്ക് മടങ്ങണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’ -പൊളിറ്റിക്കൽ സയൻസിൽ ഗവേഷണ വിദ്യാർഥിയും എൻ.എസ്.യു.ഐ വിദ്യാർഥിയുമായ വികാസ് സിങ് പറഞ്ഞു.
നീതിയുക്തമായ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരങ്ങളെ അടിച്ചമർത്തുകയും ഇത്തരം സങ്കുചിത സമരങ്ങൾക്കുനേരെ കണ്ണടക്കുകയും ചെയ്യുന്ന സർവകലാശാല അധികൃതരുടെ നിലപാടിനെയും വിദ്യാർഥികൾ ചോദ്യം ചെയ്യുന്നുണ്ട്. 2017ൽ ലൈബ്രറി 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരിൽ ഒമ്പത് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ 13 ദിവസമായി ക്ലാസുകൾ നടക്കാഞ്ഞിട്ടും നടപടിയില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം. ഫിറോസ്ഖാനെ അനുകൂലിച്ച് നിരവധി പ്രഫസർമാരും രംഗത്തെത്തിയിട്ടുണ്ട്.
സംസ്കൃതത്തിലെ ബിരുദ-ബി.എഡ്-പി.ജി കോഴ്സുകളായ ശാസ്ത്രി-ശിക്ഷ ശാസ്ത്രി-ആചാര്യ എന്നിവ പൂർത്തിയാക്കിയശേഷം 2018ൽ ജയ്പുരിലെ ഡീംഡ് സർവകലാശാലയിൽനിന്ന് രാഷ്ട്രീയ സൻസ്കൃതി സൻസ്താനിൽ പിഎച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട് ഫിറോസ് ഖാൻ. പുറമെ, നെറ്റും ജെ.ആർ.എഫുമുണ്ട്. മുസ്ലിം സംസ്കൃതം പഠിപ്പിക്കേണ്ടയെന്ന് പറഞ്ഞ് വിദ്യാർഥികൾ സമരരംഗത്തെത്തിയപ്പോൾ, ‘ജീവിതത്തിലുടനീളം പഠിച്ചത് സംസ്കൃതമാണെന്നും ഒരു മുസ്ലിം ആണെന്ന് സ്വയം കരുതാൻ ശ്രമിച്ചിട്ടില്ലെന്നു’മുള്ള അദ്ദേഹത്തിൻെറ പ്രതികരണം ഏറെ വിഷമത്തോടെയാണ് രാജ്യം ശ്രവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.