യു.പി സംസ്കൃത ബോര്‍ഡ് പരീക്ഷയില്‍ ഉന്നതവിജയം നേടി മുസ്‍ലിം വിദ്യാര്‍ഥി; 13,738 പേരെ പിന്നിലാക്കി മുഹമ്മദ് ഇർഫാൻ

ലഖ്നൗ: ഉത്തർപ്രദേശ് മാധ്യമിക് സംസ്‌കൃത ശിക്ഷാ പരിഷത്ത് ബോർഡിന്‍റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി മുസ്‍ലിം വിദ്യാര്‍ഥി. 82.71 ശതമാനം മാര്‍ക്കോടെയാണ് 17കാരനായ മുഹമ്മദ് ഇര്‍ഫാന്‍ ഒന്നാമതെത്തിയത്. രണ്ടാം റാങ്കുകാരിയായ ഗംഗോത്രി ദേവിക്ക് 80.57 ശതമാനം മാര്‍ക്കാണ് ലഭിച്ചത്.

സംസ്കൃത അധ്യാപകനാകാന്‍ ആഗ്രഹിക്കുന്ന ഇര്‍ഫാന്‍ 10, 12 ക്ലാസുകളിലെ ടോപ് 20 സ്‌കോറർമാരുടെ പട്ടികയിലെ ഏക മുസ്‌ലിം വിദ്യാര്‍ഥിയാണ്. 13,738 വിദ്യാര്‍ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്. ഇവരെയൊക്കെ പിന്തള്ളിയാണ് ഇര്‍ഫാന്‍ അഭിമാനര്‍ഹമായ നേട്ടം കരസ്ഥമാക്കിയത്. പത്താം ക്ലാസ് പരീക്ഷയില്‍ ബലിയ ജില്ലയിലെ ആദിത്യ 92.50 ശതമാനവുമായി ഒന്നാമതെത്തി.

മകന്‍ സംസ്കൃതം പഠിക്കാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ തനിക്ക് സന്തോഷമായിരുന്നുവെന്ന് പിതാവ് സലാവുദ്ദീൻ (51) പറഞ്ഞു. ''അവൻ പഠിക്കാൻ മറ്റൊരു വിഷയം തിരഞ്ഞെടുത്തതിൽ ഞാൻ സന്തോഷിച്ചു, ഞാൻ അവനെ പ്രോത്സാഹിപ്പിച്ചു. ഞങ്ങൾ മുസ്‌ലിംകളായതിനാൽ ഇത് വ്യത്യസ്തമായ തെരഞ്ഞെടുപ്പായിരുന്നു, പക്ഷേ അവന് അതിൽ താൽപര്യമുണ്ടായിരുന്നു. അതിനാൽ ഞാൻ അവനെ തടഞ്ഞില്ല'' സലാവുദ്ദീൻ കൂട്ടിച്ചേര്‍ത്തു.

‘ഹിന്ദുക്കൾക്ക് മാത്രമേ സംസ്‌കൃതം പഠിക്കാവൂ എന്നും മുസ്‍ലിംകള്‍ക്കു മാത്രമേ ഉറുദു പഠിക്കാവൂ എന്ന ചിന്തയൊന്നും ഞങ്ങള്‍ക്കില്ല. പ്രൈമറി, ജൂനിയർ ക്ലാസുകളിൽ ഈ വിഷയം പഠിപ്പിക്കുന്നുണ്ടെങ്കിൽ, അവനും അത് പഠിക്കാം.അതിലെന്താണ് തെറ്റ്? ഞാന്‍ തെറ്റൊന്നും കാണുന്നില്ല. അവൻ സംസ്‌കൃത സാഹിത്യം പഠിക്കാൻ ആഗ്രഹിക്കുന്നു, അയാൾക്ക് താൽപര്യമുള്ള എന്തെങ്കിലും പിന്തുടരുന്നതിൽ നിന്ന് ഞാൻ അവനെ ഒരിക്കലും തടയില്ല. ഞാന്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു’-സലാവുദ്ദീൻ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ചന്ദൗലി ജില്ലയിലെ സകൽദിഹ തഹ്‌സിലിന് കീഴിലുള്ള ജിൻദാസ്പൂർ ഗ്രാമവാസിയാണ് ഇര്‍ഫാന്‍. കര്‍ഷകനായ സലാവുദ്ദീൻ ബി.എ ബിരുദധാരിയാണ്.“സംസ്‌കൃതം നിർബന്ധിത വിഷയമായപ്പോൾ ജൂനിയർ ക്ലാസുകളിൽ അവന്‍ വിഷയം പഠിക്കാൻ തുടങ്ങി.സംസ്കൃതം ഇഷ്ടമാണെന്നും തുടര്‍ന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. അത് അവന്‍റെ ഇഷ്ടമായിരുന്നു, അതിനാൽ ഞാൻ അവനെ സംസ്കൃതം പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. സംസ്കൃതത്തില്‍ എം.എ എടുത്ത് അധ്യാപകനാകാണ് ഇര്‍ഫാന്‍റെ ആഗ്രഹം'' പിതാവ് പറയുന്നു.

ഇര്‍ഫാനെ പഠിക്കാന്‍ നിര്‍ബന്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും തങ്ങള്‍ക്ക് സംസ്കൃതം അറിയാത്തതിനാല്‍ അധ്യാപകരുടെ സഹായം കൊണ്ടാണ് പഠിച്ചതെന്നും സലാവുദ്ദീന്‍ വിശദീകരിച്ചു. പ്രഭുപൂരിലെ ശ്രീ സമ്പൂർണാനന്ദ സംസ്‌കൃത ഉച്ചതാർ മാധ്യമിക് സ്‌കൂളിലാണ് ഇർഫാൻ പഠിച്ചത്.“ഇര്‍ഫാന്‍ എല്ലായ്പ്പോഴും ഒരു നല്ല വിദ്യാർത്ഥിയായിരുന്നു.


നേരത്തെയുള്ള പരീക്ഷകളിൽ പോലും മികച്ച വിജയം നേടിയിരുന്നു. ഞങ്ങൾ അവനെയോര്‍ത്ത് അഭിമാനിക്കുന്നു'' പ്രിൻസിപ്പൽ ജയ് ശ്യാം ത്രിപാഠി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയാണ് 10,12 ക്ലാസുകളിലെ ഫലം പ്രഖ്യാപിച്ചത്. ഫലമറിഞ്ഞപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഇര്‍ഫാന്‍റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. കൂട്ടുകാര്‍ക്കൊപ്പം ഒരു യാത്രയിലായിരുന്നു ഇര്‍ഫാന്‍.

Tags:    
News Summary - Muslim boy pips 14,000 students to top UP Sanskrit Board exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.