മുംബൈ: മുംബൈയിലെ ലോവർ പരേലിലെ വീട്ടിൽ എ.സി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണ്. ലോവർ പരേലിലെ മരിയൻ മാൻഷനിലെ വസതിയിലാണ് അപകടമുണ്ടായത്. എ.സി പൊട്ടിത്തെറിച്ചതു മൂലം ചെറിയ രീതിയിൽ തീപിടിത്തവുമുണ്ടായി. ലക്ഷ്മി റാത്തോഡ് മകൾ മധു എന്നിവരാണ് മരിച്ചത്. ലക്ഷ്മിയുടെ ഭർത്താവ് തേജാഭായിയുടെയും മകൻ ദിനേശിന്റെയും നില ഗുരുതരമാണ്. ഇവർ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വേനൽക്കാലത്ത് മധുവാണ് വീട്ടിലേക്ക് എ.സി വാങ്ങിയത്.
ഞായറാഴ്ച രാത്രി ഇവരുടെ താമസ സ്ഥലത്തു നിന്ന് വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതായി അയൽക്കാർ പറഞ്ഞു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് ആദ്യം കരുതിയത്. രാത്രി 12നും 2നുമിടയിൽ ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപടർന്നത്. തുടർന്ന് പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലാക്കി. ഗുരുതരമായി പരിക്കേറ്റ മധുവിനെ സമീപത്തൈ ബി.വൈ.എൽ നായർ ആശുപത്രിയിലും മറ്റുള്ളവരെ കസ്തൂർബ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
പുതിയ എ.സി വാങ്ങിയ കാര്യവും അതോടനുബന്ധിച്ച് വയറിങ് പ്രശ്നങ്ങളുണ്ടായിരുന്നതായും ദിനേഷ് പറഞ്ഞിരുന്നതായി തേജാഭായിയുടെ അനന്തരവൻ സുരേഷ് പറഞ്ഞു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ലക്ഷ്മിബെൻ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് അവർ മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ മധുവും ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ദിനേശിന് 25 മുതൽ 30 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.