ഇൻഡോർ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയുടെ ജീവൻ രക്ഷിക്കാൻ റമദാൻ വ്രതം മുറിച്ച നൂറി ഖാന് കയ്യടിച്ച് സമൂഹ മാധ്യമങ്ങൾ. രോഗിക്ക് പ്ലാസ്മ ദാനം ചെയ്യണമെങ്കിൽ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് മധ്യപ്രദേശിലെ കോൺഗ്രസ് വക്താവായ നൂറി ഖാൻ വ്രതം മുറിക്കാൻ തയാറായത്.
മധ്യപ്രദേശ് ദൂരദർശനിൽ ജോലി ചെയ്യുന്ന മനോഹർ ലാൽ റാത്തോഡിന്‍റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു വ്രതശുദ്ധിയുടെ പുണ്യം മറ്റൊരു പുണ്യത്തിനുവേണ്ടി നൂറി ത്യജിച്ചത്. മനോഹർലാലിന്‍റെ മകൻ അവിനാശ് ദാസ് ട്വിറ്ററിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചുതോടെ നൂറിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ये नूरी हैं। इनके पास कॉल आयी कि मेरे पिता को प्लाज़्मा की ज़रूरत है। नूरी असम से इंदौर पहुंची तो डॉक्टर्स ने कहा कि आप रोज़े में हैं, प्लाज़्मा डोनेट नहीं कर सकतीं। नूरी ने अपना रोज़ा तोड़ दिया और इंदौर दूरदर्शन में कार्यरत मनोहर लाल राठौड़ के लिए प्लाज़्मा डोनेट किया।
— Avinash Das (@avinashonly) May 8, 2021
सलाम! pic.twitter.com/f1Fi43dq7b
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മനോഹർ ലാലിന്‍റെ ചികിത്സക്കായി പ്ലാസ്മ ആവശ്യമുണ്ടെന്നറിഞ്ഞ് അസമിൽ നിന്നാണ് നൂറി ഇൻഡോറിലെത്തിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് നൂറിക്ക് നോമ്പ് ആയതിനാൽ പ്ലാസ്മ ദാനം ചെയ്യാനാകില്ല എന്നറിയുന്നത്. ഭക്ഷണമോ വെള്ളമോ കഴിക്കാത്തവരിൽ നിന്നും പ്ലാസ്മ എടുക്കാനാവില്ലെന്ന് ഡോക്ടർമാർ പറയുകയായിരുന്നു. എന്നാൽ, ഡോക്ടർ അത് പറഞ്ഞയുടനെ നൂറി ഖാൻ വെള്ളവും ലഘുഭക്ഷണവും കഴിച്ചു വ്രതം അവസാനിപ്പിക്കുകയും പിന്നാലെ പ്ലാസ്മ ദാനം ചെയ്യുകയുമായിരുന്നു.
നിരവധി പ്രമുഖര്‍ ഈ നന്മയെ പ്രശംസിച്ച് രംഗത്തെത്തി. ഇതാണ് യഥാർത്ഥ മനുഷ്യസ്നേഹം എന്നും ഈ പുണ്യ പ്രവൃത്തിയിലൂടെ തന്നെ വ്രതത്തിന്‍റെ ഉദ്ദേശലക്ഷ്യം പൂർത്തിയായെന്നുമൊക്കെ നിരവധി പേർ അഭിപ്രായപ്പെട്ടു. കോവിഡിന്‍റെ രണ്ടാം വരവിൽ വലയുന്ന മധ്യപ്രദേശിലെ രോഗികളെ സഹായിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് നൂറി ഖാൻ. രോഗികൾക്ക് ഓക്സിജൻ എത്തിക്കാനുള്ള ശ്രമം നടത്തിയ നൂറിയെ ഓക്സിജൻ പ്ലാന്‍റിൽ പ്രശ്നമുണ്ടാക്കി എന്നുപറഞ്ഞ് ഉജ്ജയ്ൻ പൊലീസ് അറസ്റ്റ് ചെയ്തത് അടുത്തിടെ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.