മസ്കത്ത്: എല്ലാതലങ്ങളിലുമുള്ള തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിന് ഒമാനും ഇന്ത്യയും തമ്മിൽ ധാരണ. ഒൗദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ്, ഉപപ്രധാനമന്ത്രിമാർ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മിൽ നൂറ്റാണ്ടുകളായുള്ള സൗഹൃദ, വാണിജ്യബന്ധവും ശക്തമായ ഉഭയകക്ഷിബന്ധവും സഹകരണവും പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ധാരണയായതായി സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
ഭീകരവാദെത്ത ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഭീകരശൃംഖലകൾ തകർക്കുന്നതിനും അവരുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുന്നതിനും യോജിച്ചുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. മതത്തെ ദുരുപയോഗം ചെയ്ത് വെറുപ്പും തീവ്രചിന്തകളും പടർത്തുന്നവർക്കെതിരായ പോരാട്ടത്തിനും സംയുക്ത ശ്രമം നടത്തും.
ഭീകരവാദത്തെ മറ്റു രാഷ്ട്രങ്ങൾക്കെതിരായ നീക്കങ്ങൾക്ക് ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം തയാറാകണം. ഇരുരാഷ്ട്രങ്ങളും തമ്മിലെ സഹകരണം ബഹിരാകാശ ഗവേഷണം, സൈബർ സുരക്ഷ, ഉൗർജസുരക്ഷ, ഭക്ഷ്യസുരക്ഷ, പുനരുപയോഗിക്കാവുന്ന ഉൗർജം എന്നീ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
പ്രതിരോധസുരക്ഷാ മേഖലകളിലെ സഹകരണം കൂടുതൽ ദൃഢമാക്കും. കള്ളപ്പണം വെളുപ്പിക്കൽ, കറൻസി കള്ളക്കടത്ത്, മയക്കുമരുന്ന് കടത്തൽ, മനുഷ്യക്കടത്ത്, അനധികൃത കുടിയേറ്റം തുടങ്ങി രാജ്യാതിർത്തികൾക്കപ്പുറം വ്യാപിച്ചുകിടക്കുന്ന കുറ്റകൃത്യങ്ങൾ തടയാനും പരസ്പരം സഹകരിക്കും. സൈബർ സുരക്ഷയിൽ പരസ്പരം സഹകരിക്കേണ്ടതും അനിവാര്യമാണെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. പ്രതിരോധ സഹകരണത്തിെൻറ ഭാഗമായി തീരസുരക്ഷ ഉറപ്പാക്കും. സേനാപരിശീലന പരിപാടികളും സംഘടിപ്പിക്കും.
ഇന്ത്യയുടെയും ഒമാെൻറയും സമ്പദ്ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വാണിജ്യ, വ്യാപാര മേഖലയിലെ സഹകരണത്തിെൻറ പ്രാധാന്യം വർധിപ്പിക്കുന്നതായും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി. ഇരു രാഷ്ട്രങ്ങളും തമ്മിൽ ബഹിരാകാശ ഗവേഷണം, വിനോദസഞ്ചാരം, തൊഴിൽ, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം, സിവിൽ -വാണിജ്യ വിഷയങ്ങളിൽ പരസ്പരമുള്ള നിയമസഹായം എന്നിവക്കും ധാരണപത്രത്തിൽ ഒപ്പിട്ടു. ഏകദിന സന്ദർശനത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ നരേന്ദ്ര മോദിയും സംഘവും ഇന്ത്യയിലേക്ക് മടങ്ങി. എണ്ണ, പ്രകൃതി വാതക മന്ത്രി മുഹമ്മദ് ബിൻ ഹമദ് അൽറുംഹിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ മോദിയെ യാത്രയയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.