നോട്ട്​ പിൻവലിക്കുന്നതിന്​ മുമ്പ്​ ബി.ജെ.പി കള്ളപ്പണം വെളുപ്പിച്ചതായി റിപ്പോർട്ട്​

ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങള്‍വരെ ബി.ജെ.പി രാജ്യത്തിന്‍െറ പല ഭാഗങ്ങളിലായി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി വെളിപ്പെടുത്തല്‍. ബിഹാറില്‍ ഇത്തരത്തില്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയതായി സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എ സഞ്ജീവ് ചൗരസ്യ വെളിപ്പെടുത്തിയതായി ‘ക്യാച്ച് ന്യൂസ്’ രേഖകള്‍ സഹിതം വിശദീകരിച്ചു. പാര്‍ട്ടി പ്രസിഡന്‍റ് അമിത് ഷായുടെ പേരിലും ഭൂമി വാങ്ങിയിട്ടുണ്ട്.

ബിഹാറിന് പുറമെ മറ്റെല്ലായിടത്തും ഭൂമി വാങ്ങിയെന്ന് പറയുന്ന ചൗരസ്യ, രേഖയില്‍ ഒപ്പിടുന്ന പണി മാത്രമാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയാണ് പണം നല്‍കിയത്. പാര്‍ട്ടി ഓഫിസ് വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കെന്ന പേരിലും ഭൂമി വാങ്ങിയിട്ടുണ്ട്. നവംബര്‍ ആദ്യവാരം വരെ ഇങ്ങനെ ഭൂമി വാങ്ങിയിരുന്നുവെന്നും ചൗരസ്യ പറഞ്ഞു. നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 1000 രൂപ, 500 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.
എട്ടു ലക്ഷം മുതല്‍ 1.16 കോടി രൂപ വരെയുള്ള പ്ളോട്ടുകള്‍ വാങ്ങിയിട്ടുണ്ടെന്നും ക്യാച്ച് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലാഖിസരായിയിലാണ് 60 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി അമിത് ഷായുടെ പേരില്‍ വാങ്ങിയത്. ബി.ജെ.പിയുടെ ബിഹാര്‍ വൈസ് പ്രസിഡന്‍റ് ലാല്‍ബാബു പ്രസാദ്, ട്രഷറര്‍ ദിലീപ് കുമാര്‍ ജെയ്സ്വാള്‍, ജനറല്‍ സെക്രട്ടറി ചൗരസ്യ എന്നിവരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മധുബനി, കതിഹാര്‍, മധേപ്പുര, കിഷന്‍ഗഞ്ച് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമി വാങ്ങിയത്. 250 ചതുരശ്രയടി മുതല്‍ അരയേക്കര്‍ വരെ വാങ്ങിയ 10 ഉദാഹരണങ്ങള്‍ കാച്ച് ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ഒരിടത്ത് ഭൂമി വാങ്ങിയത് ചതുരശ്രയടിക്ക് 1,100 രൂപ നിരക്കിലാണ്.

ഓരോ ജില്ലയിലും ബി.ജെ.പി ഓഫിസ് പണിയാന്‍ നിര്‍മാണ സാമഗ്രികള്‍ക്ക് നോട്ട് അസാധുവാക്കുന്നതിന് മുമ്പ് അഡ്വാന്‍സ് വരെ കൊടുത്തതായി ബിഹാറിലെ ഭരണകക്ഷിയായ ജനതാദള്‍-യു ആരോപിച്ചു. വന്‍തോതില്‍ ഭൂമി വാങ്ങിയതിനെക്കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കല്‍ രഹസ്യം ബി.ജെ.പിക്കാര്‍ക്ക് ചോര്‍ത്തിനല്‍കുകയും ഭൂമി വാങ്ങിയും മറ്റും കള്ളപ്പണം വെളുപ്പിക്കുകയുമാണ് ഉണ്ടായതെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. കള്ളപ്പണക്കാരെ സഹായിക്കുന്നത് ആരാണെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നും ഖാര്‍ഗെ പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനോട് ബി.ജെ.പി പ്രതികരിക്കാന്‍ മടിക്കുന്നതെന്താണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് വക്താവ് സല്‍മാന്‍ അനീസ് സോസ് എന്നിവര്‍ ചോദിച്ചു. കള്ളപ്പണ വേട്ടയെന്ന മോദിയുടെ നമ്പര്‍ പൊളിഞ്ഞതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല പറഞ്ഞു. അവിഹിത പണമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് വഴിതിരിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Before Modi banned Rs 500, Rs 1000 notes BJP was busy investe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.