ന്യൂഡൽഹി: ചാറ്റ് ജി.പി.ടി, ഡീപ് സീക്ക് എന്നിവയടക്കം എ.ഐ ആപ്ലിക്കേഷനുകൾ ഓഫിസ് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ധനമന്ത്രാലയം. സർക്കാർ രേഖകളുടെയും ഡേറ്റയുടെയും രഹസ്യസ്വഭാവത്തിന് ഉയർത്തുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഡേറ്റ സുരക്ഷക്ക് അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ആസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഡീപ്സീക്കിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ചാറ്റ് ജി.പി.ടി, ഡീപ് സീക്ക് പോലുളള എ.ഐ മോഡലുകൾ ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ ബാഹ്യ സെർവറുകളിൽ എത്തിച്ചാണ് (ക്ലൗഡ് സെർവർ) വിശകലനം ചെയ്യുന്നത്. ഇത് ഡേറ്റ ചോർച്ചക്കും അനധികൃത ഉപയോഗത്തിനും വഴിയൊരുക്കുമെന്നാണ് ആശങ്ക. വകുപ്പുകള്‍ തമ്മിലുള്ള ആന്തരിക ആശയവിനിമയങ്ങൾ, രഹസ്യസ്വഭാവമുള്ള സാമ്പത്തിക വിവരങ്ങൾ, നയങ്ങളുടെ ഡ്രാഫ്റ്റുകൾ തുടങ്ങി സുപ്രധാന രേഖകളാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ എ.ഐ ടൂളുകളിലെ മനഃപൂർവമല്ലാത്ത ഇടപെടൽപോലും ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം.
2022 നവംബറിലാണ് ചാറ്റ് ജി.പി.ടി പ്രവര്‍ത്തനമാരംഭിച്ചത്. 250 ദശലക്ഷം ഉപയോക്താക്കളെ ഇതിനകം ആകര്ഷിക്കാനായതായാണ് കണക്കുകൾ. കഴിഞ്ഞ ജനുവരി അവസാനത്തോടെയാണ് ചൈനീസ് എ.ഐ കമ്പനിയായ ഡീപ്സീക്കിന്റെ എ.ഐ മോഡലുകളും ചാറ്റ്ബോട്ട് ആപ്പുകളും വൈറലായത്.
എന്നാൽ, ദിവസങ്ങൾക്കുശേഷം ചൈനീസ് സ്റ്റാർട്ടപ്പിന്റെ എ.ഐ സാങ്കേതികവിദ്യ ഉപയോഗം ചില രാജ്യങ്ങളും കമ്പനികളും നിരോധിച്ചതായാണ് വിവരം. അയർലൻഡ്, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധർ ഡീപ്സീക്കിന്റെ ഡേറ്റ ശേഖരണ രീതികളെക്കുറിച്ച് ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.