കേന്ദ്രത്തെ പിന്തുണച്ചുള്ള സെലിബ്രിറ്റി ട്വീറ്റുകളിൽ അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഡൽഹിയിലെ കർഷക പ്രക്ഷോഭം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ സമയത്ത് കേന്ദ്ര സർക്കാറിനെ പിന്തുണച്ച് കായിക-സിനിമ താരങ്ങൾ ഉൾപ്പെടെ സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്തത് മഹാരാഷ്ട്ര സർക്കാർ അന്വേഷിക്കും. കേന്ദ്രത്തെ പിന്തുണച്ച് നിലപാടെടുക്കാൻ താരങ്ങൾക്ക് മേൽ സമ്മർദമുണ്ടായിരുന്നോ എന്ന കാര്യമാണ് അന്വേഷിക്കുക. കോൺഗ്രസ് ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. 

ഡൽഹിയിൽ മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടത് പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയാണ്. കർഷകർക്ക് നീതി ആവശ്യപ്പെട്ട് റിഹാന ട്വീറ്റ് ചെയ്തതോടെ അന്താരാഷ്ട്രതലത്തിൽ പ്രക്ഷോഭത്തിന് പിന്തുണ ലഭിക്കുകയായിരുന്നു. 

എന്നാൽ, റിഹാനയുടെ ട്വീറ്റിന് മറുപടി‍യുമായി കേന്ദ്ര വിദേശമന്ത്രാലയം തന്നെ രംഗത്തെത്തി. ഇന്ത്യക്കെതിരെ ഗൂഢാലോചനയുണ്ടെന്നായിരുന്നു സർക്കാർ വാദം. ഇത് ഏറ്റുപിടിച്ചാണ് സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്തത്. #IndiaAgainstPropaganda, #IndiaTogether എന്നീ ടാഗുകൾ ട്വീറ്റിൽ ഉപയോഗിച്ചിരുന്നു.

സചിൻ തെണ്ടുൽകർ, വിരാട് കോഹ്ലി, ലതാ മങ്കേഷ്കർ, അക്ഷയ് കുമാർ, സൈന നേവാൾ, സുനിൽ ഷെട്ടി തുടങ്ങി നിരവധി താരങ്ങളാണ് ട്വീറ്റ് ചെയ്തത്. പലരുടെയും ട്വീറ്റുകളിലെ സാമ്യതയും സമാന പദപ്രയോഗങ്ങളും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങൾ നേരത്തെ തന്നെ സംശയമുന്നയിച്ചിരുന്നു.

മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സചിൻ സാവന്ത് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ കണ്ട് ട്വീറ്റുമായി ബന്ധപ്പെട്ട കാര്യം ചർച്ചചെയ്തിരുന്നു. സംസ്ഥാന ഇന്‍റലിജൻസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് അനിൽ ദേശ്മുഖ് പറഞ്ഞു. ട്വീറ്റുകളുടെ സമയക്രമവും ഏകോപനവും ഇവ ആസൂത്രിതമായി ചെയ്തതാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.