ലഖ്നോ: ഭോപാലിലെ ഷാജാപുരിന് സമീപം ഉജ്ജൈനില്‍നിന്ന് വന്ന പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തിലെ പ്രതികളുടെ അറസ്റ്റും തൊട്ടുപിറകെ ലഖ്നോയിലെ ഠാകുര്‍ ഗഞ്ചില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലും സംബന്ധിച്ച പൊലീസ് ഭാഷ്യങ്ങളില്‍ പൊരുത്തക്കേട്. ക്വിന്‍റ് ഡോട്ട് കോം എന്ന വെബ് പോര്‍ട്ടലാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ഭോപാല്‍-ഉജ്ജൈന്‍ ട്രെയിന്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈഫുല്ലയുള്‍പ്പെട്ട ഐ.എസ് ഭീകരരാണെന്നായിരുന്നു മധ്യപ്രദേശ് പൊലീസ് പറഞ്ഞിരുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഐ.എസ് ഭീകരരാണെന്നും നിയമസഭയില്‍ വെളിപ്പെടുത്തി. എന്നാല്‍, യു.പി പൊലീസ് എ.ഡി.ജി.പി ദല്‍ജിത് ചൗധരി സൈഫുല്ലക്ക് ഐ.എസ് ബന്ധമില്ളെന്നും സ്വയം ഭീകരനായതാണെന്നും സിമിയുമായി ബന്ധമുണ്ടാവാന്‍ സാധ്യതയുണ്ടെന്നുമാണ് പറഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തുടങ്ങിയ ഏറ്റുമുട്ടല്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചതെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്.
എന്നാല്‍, ഏറ്റുമുട്ടല്‍ തുടങ്ങി രണ്ടു മണിക്കൂറിനുള്ളില്‍തന്നെ സൈഫുല്ല കൊല്ലപ്പെട്ടുവെന്നാണ് സംശയം. മരിച്ചു കിടക്കുന്ന സൈഫുല്ലയുടെ ഫോട്ടോ തങ്ങളുടെ കൈവശമുണ്ടെന്നും ശരീരത്തിന്‍െറ വലതുഭാഗം പൂര്‍ണമായി തകര്‍ന്നതായി അതില്‍നിന്ന് വ്യക്തമാണെന്നും വളരെ അടുത്തു നിന്ന് വെടിയേറ്റതുകൊണ്ടാണിതെന്ന് സംശയിക്കുന്നതായും ക്വിന്‍റ് അധികൃതര്‍ വെളിപ്പെടുത്തി. ട്രെയിന്‍ സ്ഫോടനമുണ്ടായ സ്ഥലവും ഏറ്റുമുട്ടല്‍ നടന്ന പ്രദേശവും അറസ്റ്റുകള്‍ രേഖപ്പെടുത്തിയ സമയവും ദൂരവുമൊക്കെ സംശയത്തിനിട നല്‍കുന്നു. ചൊവ്വാഴ്ച 10 മണിക്കാണ് സ്ഫോടനം.
മണിക്കൂറുകള്‍ക്കുള്ളില്‍ യു.പിയിലെ കാണ്‍പുരില്‍നിന്നും മധ്യപ്രദേശിലെ പിപാരിയയില്‍നിന്നും പ്രതികളെ പിടികൂടി. ഈ രണ്ടു സ്ഥലങ്ങളിലേക്കും ഏഴു മുതല്‍ 12 മണിക്കൂര്‍ സമയം വേണം എത്തിപ്പെടാന്‍. എന്നാല്‍, ഈ സമയം ആവുന്നതിനു മുമ്പേയായിരുന്നു അറസ്റ്റുകള്‍. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കൊലപ്പെടുത്തിയ സൈഫുല്ലക്കും ട്രെയിന്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, ഇയാള്‍ താമസിച്ച ഠാകുര്‍ ഗഞ്ചിലേക്ക് സ്ഫോടനം നടന്ന ഷാജാപുരില്‍നിന്ന് 13 മണിക്കൂര്‍ യാത്രയുണ്ട്. പക്ഷേ, അതിനും വളരെ നേരത്തേയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചതെന്ന പൊലീസ് ഭാഷ്യം ശരിയല്ളെന്നും പരിസരവാസികള്‍ പറയുന്നു. ഠാകുര്‍ ഗഞ്ചിലെ വാടക കെട്ടിടത്തിലാണ് സൈഫുല്ല താമസിച്ചിരുന്നത്. രണ്ടു പേരുണ്ടെന്നായിരുന്നു ഭീകരവിരുദ്ധ സേന തുടക്കത്തില്‍ പറഞ്ഞിരുന്നത്. പിന്നീടത് ഒരാളായി. വൈകീട്ട് അഞ്ചോടെ വെടിയൊച്ചകള്‍ നിലച്ചതായാണ് പരിസരവാസികള്‍ അറിയിച്ചതെന്ന് റിഹായ് മഞ്ച് എന്ന സന്നദ്ധ സംഘടനയുടെ നേതാവ് അഡ്വ. മുഹമ്മദ് ശുഹൈബ് അറിയിച്ചതായും വെബ് പോര്‍ട്ടല്‍ പറയുന്നു.
അറസ്റ്റിലായത് എട്ടുപേര്‍
ഉജ്ജൈനില്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയെ അറിയിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് ലഖ്നോവില്‍ സുരക്ഷസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈഫുള്ള എന്ന ഭീകരന്‍െറ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച പിതാവിന്‍െറ നടപടിയെ മന്ത്രി പ്രശംസിച്ചു.
ശൂന്യവേളയില്‍ കൈയടികളോടെയാണ് സഭ ഇതിനെ അനുകൂലിച്ചത്. എന്നാല്‍, വിഷയത്തില്‍ വ്യക്തത ആവശ്യമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ അടുത്ത പ്രവൃത്തി ദിവസം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.