വേട്ടനായ്ക്കളുടെ രാജ്യസ്നേഹമെങ്കിലും കോൺഗ്രസ് പ്രകടിപ്പിക്കണം: മോദി

ജാംഖണ്ഡി: മുധോൾ വേട്ടനായ്ക്കളുടെ രാജ്യസ്നേഹമെങ്കിലും പ്രകടിപ്പിക്കാൻ കോൺഗ്രസ് തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദിയുടെ പരാമർശം. വടക്കൻ കർണാടകയിലെ ഒരു പ്രദേശമാണ് മുധോൾ. ഇവിടെ നിന്നുള്ള നായകളെയാണ് സേനയിൽ വേട്ടനായ്ക്കളായി സേവനമനുഷ്ഠിക്കുന്നതിന് ആർമി റിക്രൂട്ട് ചെയ്യുന്നത്.

ഇന്ത്യയെ കഷണങ്ങളാ‍യി വിഭജിക്കും എന്ന് മുദ്രാവാക്യം ഉയർത്തുന്നവരെ കോൺഗ്രസ് നേതാവ് സന്ദർശിക്കുന്നതുവരെ എത്തിയിരിക്കുന്നു ആ പാർട്ടിയുടെ പതനമെന്നും മോദി പറഞ്ഞു. കാമ്പസിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ വിദ്യാർഥികളെ സന്ദർശിക്കാനായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ജെ.എൻ.യുവിൽ എത്തിയതിനെ വിമർശിച്ചായിരുന്നു മോദിയുടെ പരാമർശം.

ദേശസ്നേഹത്തെക്കുറിച്ചും രാഷ്ട്ര ഭക്തി, രാഷ്ട്ര ഗീതം, വന്ദേമാതരം എന്നിവയെക്കുറിച്ചും ചർച്ചകൾ ഉയർന്നുവരുമ്പോൾ തന്നെ ചിലർ  അസ്വസ്ഥത പ്രകടിപ്പിക്കുന്നു. ദേശസ്നേഹം മൂലമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് തന്നെ. ദേശസ്നേഹത്തിലൂന്നിയ വികസനത്തെക്കുറിച്ചാണ് നാം പ്രചരണം നടത്തുന്നത്. ഇതേക്കുറിച്ച് കേൾക്കുമ്പോൾ തന്നെ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ദേശസ്നേഹത്തിന്‍റെ ചീഞ്ഞ ഗന്ധം അനുഭവപ്പെടുന്നതായാണ് തോന്നുന്നത്. ഇന്ത്യയെ തുണ്ടം തുണ്ടമാക്കും എന്ന് പറയുന്നവരുമായി സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് നേതാക്കൾ കൂട്ടുകൂടുമെന്ന് ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോ?

അതിർത്തിയിൽ മിന്നാലക്രമണം നടത്തിയപ്പോൾ തെളിവ് ആവശ്യപ്പെട്ടവരാണ് കോൺഗ്രസുകാർ. ദേശസ്നേഹത്തെക്കുറിച്ച് പറയുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരോട് എനിക്ക് ഒന്നേ പറയനുള്ളൂ, നിങ്ങളുടെ മുൻഗാമികളിൽ നിന്നോ മഹാത്മാ ഗാന്ധിയിൽ നിന്നോ നിങ്ങൾക്ക് ഒന്നും പഠിക്കാനായില്ലെങ്കിൽ ദയവായി ബംഗാൾകോട്ടിലെ മുധോൾ നായകളിൽ നിന്നെങ്കിലും നിങ്ങൾ രാജ്യസ്നേഹമെന്തെന്ന് പഠിക്കുക- മോദി പറഞ്ഞു.

നോർത്ത് കർണാടകയിലെ ബംഗാൾകോട്ട് ജില്ലയിലെ മുധോളിൽ നിന്നുള്ള നായകളെയാണ് ഇന്ത്യൻ ആർമി വേട്ടനായക്കളായി ഉപയോഗിക്കുന്നത്. കാരവാൻ വേട്ടനായക്കളെന്ന് അറിയപ്പെടുന്ന ഇവയെയാണ് ഇന്ത്യൻ ആർമി ആദ്യമായി സേനയിലേക്ക് റിക്രൂട്ട് ചെയ്തത്.

Tags:    
News Summary - Learn Patriotism From Army's Mudhol Hound Dogs, PM Modi Advises Congress-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.