ന്യൂഡൽഹി: 1980-90കളിൽ സിഖ് ഭീകരരെ അമർച്ചചെയ്ത് ‘സൂപ്പർകോപ്’ ഖ്യാതി സമ്പാദിച്ച പഞ്ചാബ് മുൻ ഡി.ജി.പി കെ.പി.എസ്. ഗിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെതുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് 2.55ന് ഡൽഹിയിലെ സർ ഗംഗറാം ആശുപത്രിയിലായിരുന്നു അന്ത്യം.
വൃക്ക-ഹൃദ്രോഗ ബാധിതനായ ഗില്ലിനെ കഴിഞ്ഞ 18നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. കൺവർ പാൽ സിങ് ഗിൽ എന്ന കെ.പി.എസ്. ഗിൽ രണ്ടുതവണ പഞ്ചാബ് ഡി.ജി.പിയായി. 1995ൽ വിരമിച്ചു. ഖലിസ്ഥാൻ ഭീകരരെ അമർച്ച ചെയ്തതിലൂടെയാണ് ശ്രദ്ധേയനായത്. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡൻറായും പ്രവർത്തിച്ചു.
1989ൽ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ചു. വിരമിച്ചശേഷവും വിവിധ സംസ്ഥാനസർക്കാറുകൾ അദ്ദേഹത്തിെൻറ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. ഗോധ്ര അനന്തര കലാപം അമർച്ചചെയ്യാൻ 2002ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഗില്ലിനെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഛത്തിസ്ഗഢിലെ മാവോവാദി സ്വാധീനം തകർക്കാൻ മുഖ്യമന്ത്രിയായിരുന്ന രമൺ സിങ്ങും ഗില്ലിെൻറ സേവനം തേടി.ഗില്ലിെൻറ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.