ലണ്ടൻ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ലണ്ടനിലെ പൊതുപരിപാടി തടസപ്പെടുത്താൻ ഖലിസ്താൻ വാദികളുടെ ശ്രമം. മൂന്നു ഖലിസ്താൻ വാദികളാണ് പരിപാടി നടക്കുന്ന സ്ഥലത്ത് കടന്നുകയറി മുദ്രാവാക്യം മുഴക്കിയത്. പടിഞ്ഞാറൻ ലണ്ടനിലെ റുയിസ്ലിപ്പിൽ ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച യു.കെ മെഗാ കോൺഫറസിനിടെയാണ് സംഭവം.
'ഖലിസ്താൻ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളികൾ ഉയർന്നതോടെ സ്കോട്ട്ലാൻസ് പൊലീസ് എത്തി പ്രതിഷേധക്കാരെ പരിപാടി സ്ഥലത്തു നിന്ന് പുറത്താക്കി. ഖലിസ്താൻ വാദികൾക്കെതിരെ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ 'കോൺഗ്രസ് പാർട്ടി സിന്ദാബാദ്' എന്ന് തിരിച്ച് മുദ്രാവാക്യം വിളിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ലണ്ടനിലെ അവസാനത്തെ പൊതുപരിപാടിയാണ് റുയിസ്ലിപ്പിലേത്. ലണ്ടനിൽ കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ പങ്കെടുത്ത പരിപാടികൾ വൻ വിജയമായിരുന്നു.
സിഖു മത പ്രഭാഷകൻ ജർണയിൽ സിങ് ഭിന്ദ്രൻവാല സ്ഥാപിച്ച സംഘടനയാണ് ഖലിസ്താൻ പ്രസ്ഥാനം. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം (ഖലിസ്താൻ) രൂപീകരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഖലിസ്താൻ തീവ്രവാദികളെ അമർച്ച ചെയ്യാനായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിർദേശ പ്രകാരം 1984ൽ ഇന്ത്യൻ സൈന്യം പഞ്ചാബ് സുവർണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് 'ഓപറേഷൻ ബ്ലൂസ്റ്റാർ'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.