വിജയ്

കരൂർ ദുരന്തം; വിജയ്‌യെ വിടാതെ സി.ബി.ഐ, പൊങ്കലിന് ശേഷം വീണ്ടും ചോദ്യം ചെയ്യും

ചെന്നൈ: കരൂർ ദുരന്തത്തിൽ കൂടുതൽ വ്യക്തത വരുത്താൻ നടനും തമിഴ് വെട്രികഴകം (ടി.വി.കെ) നേതാവുമായ വിജയ്‌യെ സി.ബി.ഐ പൊങ്കലിന് ശേഷം വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് വീണ്ടും ഡൽഹിയിൽ ഹാജരാവാനാണ് സി.ബി.ഐ നിർദേശിച്ചിരിക്കുന്നത്.

തിങ്കളാഴ്ച വിജയ്‌യെ സി.ബി.ഐ സംഘം ഡൽഹിയിലെ ആസ്ഥാനത്തുവെച്ച് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ ചൊവ്വാഴ്ച തുടരാൻ തീരുമാനിച്ചെങ്കിലും പിന്നീട് സംഘം തീരുമാനം മാറ്റുകയായിരുന്നു. ദുരന്തത്തിനിടെ സംഭവിച്ച സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവും പരിശോധിക്കുന്നതിനാണ് സി.ബി.ഐ വിജയ്‌യെ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 27നാണ് തമിഴ്നാട്ടിലെ കരൂരിൽ ടി.വി.കെ സംഘടിപ്പിച്ച രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈയൊരു സംഭവം തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചക്കിടയാക്കിയിരുന്നു. സംഭവത്തിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി കേസ് സി.ബി.ഐയെ ഏൽപ്പിച്ചത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് ടി.വി.കെ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Karur tragedy; CBI not releasing Vijay, will question him again after Pongal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.