ന്യൂഡൽഹി: യു.പിയിലെ മഥുരയിലേക്കുള്ള ട്രെയിനിൽ ഗോരക്ഷക ഗുണ്ടകൾ 15കാരനായ ജുനൈദ് ഖാൻ എന്ന പാവം ബാലനെ അടിച്ചും കുത്തിയും അരുംകൊല ചെയ്തിട്ട് നാലു വർഷം തികഞ്ഞെങ്കിലും നീതി പുലരുമെന്ന പ്രതീക്ഷയിൽ കുടുംബത്തിന്‍റെ കാത്തിരിപ്പിന് ഇനിയും വഴികൾ തുറന്നില്ല. ഇന്നെല സംഭവിച്ചെന്ന പോലെ വീട്ടുകോലായിൽ വിതുമ്പലടക്കാനാകാതെ മാതാവ് സെയ്റാ ബാനു കാത്തിരിപ്പ് തുടരുകയാണ്.
നാലു വർഷം മുമ്പ് ജൂൺ 22നായിരുന്നു അവൻ സഹോദരനും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം അവശ്യ വസ്തുക്കൾ വാങ്ങാനായി പുറപ്പെട്ടത്. ട്രെയിനിൽ കയറിയ അവനും സുഹൃത്തുക്കൾക്കുമരികെ എത്തിയ ഗോരക്ഷക ഗുണ്ടകൾ ആദ്യം ചെറുതായി തുടങ്ങി അടിയും തൊഴിയും പിന്നെ കത്തികൊണ്ടുള്ള ആക്രമണവുമായി ഒടുവിൽ ജുനൈദിന്‍റെ ജീവനെടുത്താണ് മടങ്ങിയത്. മാരകമായി കുത്തിപ്പരിക്കേൽപിച്ച സംഘം പാവം ബാലനെ ട്രെയിനിൽനിന്ന് പുറത്തെറിയുകയും ചെയ്തു.
പഠനാവശ്യവുമായി ദൂരങ്ങളിലായിരുന്ന മക്കൾ പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയതിനാൽ സന്തോഷം കുളിച്ചുനിന്ന വീട്ടിൽ കടുത്ത വേദന വിരുന്നെത്താൻ ഏറെ വേണ്ടിവന്നില്ല. റമസാൻ അവസാന നാളുകളിലൊന്നിൽ നോമ്പുതുറയോടടുത്ത സമയത്തായിരുന്നു മകന്‍റെ വിയോഗമറിയിച്ച് വിളിയെത്തിയത്.
പിന്നീട് എല്ലാം വേദനകളായിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് ഹൃദയാഘാതം വന്ന പിതാവ് ആശുപത്രിയിലായി. രണ്ട് സ്ന്റെന്റുകളുമായി പഴയ ജീവിതത്തിന്‍റെ നിഴലാണിപ്പോൾ പിതാവ്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ അറസ്റ്റിലായിരുന്നു. ഇവർ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി.
സംഭവത്തെക്കുറിച്ച് സി.ബി.െഎ അന്വേഷിക്കണമെന്ന കുടുംബത്തിെൻറ ഹരജി പഞ്ചാബ്-ഹരിയാന ഹൈകോടതി തള്ളി. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണത്തിൽ ഗുരുതര താളപ്പിഴകളുണ്ടെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ജസ്റ്റിസ് രാജൻ ഗുപ്തയുടെ ബെഞ്ച് ഹരജി തള്ളിയത്. ജൂണിൽ നടന്ന ആൾക്കൂട്ട കൊല സംബന്ധിച്ച് ഫരീദാബാദ് വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞതിനാൽ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഇൗ മാസാദ്യം സി.ബി.െഎ ഹൈകോടതിയെ അറിയിച്ചിരുന്നു.
കേസിൽ വാദം കേൾക്കൽ കോവിഡിൽ മുടങ്ങി. വിഷയം കോടതിക്കു പുറത്ത് പരിഹരിക്കാൻ പഞ്ചായത്ത് ഇടപെട്ടതായും വാർത്തകൾ വന്നു. വേദികൾ പങ്കിട്ടും നാട്ടിൽ വർഗീയത പ്രചരിപ്പിച്ചും പ്രതികൾ ഇേപ്പാഴും സജീവമായതോടെ തന്‍റെ കുട്ടികളെ ഇപ്പോൾ പുറത്തുവിടാറില്ലെന്ന് മാതാവ് സെയ്റ ബാനു പറയുന്നു.
പുറത്തിറങ്ങേണ്ടിവന്നാൽ പോലും ട്രെയിൻ യാത്രകൾ അരുതെന്ന് പ്രത്യേകം നിഷ്കർഷിക്കാറുണ്ട്. മതപഠന മേഖലയിലായിട്ടും പാരമ്പര്യ വേഷങ്ങൾ വിട്ട് മറ്റു വസ്ത്രങ്ങളേ അണിയൂ. അതേ സമയം, അതുപോലും ഫലം ചെയ്യാറില്ലെന്ന് ജുനൈദിന്‍റെ മൂത്ത സഹോദരൻ ഖാസിം പറയുന്നു. ഒരിക്കൽ ജോലി തേടി ചെന്നപ്പോൾ പേരു പറഞ്ഞതും മുസ്ലിംകളെ ജോലിക്കെടുക്കാറില്ലെന്നായിരുന്നു മറുപടിയെന്ന് ഖാസിം.
നീതിയുടെ വാതിലുകൾ അടഞ്ഞുകിടപ്പാണെങ്കിലും ജുനൈദിന് നീതി തേടി പോരാട്ടം കനപ്പിക്കാൻ തന്നെയാണ് കുടുംബത്തിന്‍റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.