മാധ്യമപ്രവർത്തകൻ അസദ് അഷ്റഫ്, പ്രതീകാത്മക എ.ഐ ചിത്രം
ന്യൂഡൽഹി: ഇസ്ലാമോഫോബിയ രാജ്യത്തെ ജനങ്ങളെ എത്രമാത്രം പിടികൂടിയിരിക്കുന്നുവെന്നും അതിന്റെ വേര് എത്ര ആഴത്തിൽ പോയിരിക്കുന്നുവെന്നും തെളിയിക്കുന്ന കുറിപ്പുമായി മാധ്യമ പ്രവർത്തകൻ. ട്രെയിനിലെ സഹയാത്രികൻ വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ വിവരിക്കുകയാണ് ഡൽഹിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന ബിഹാർ സ്വദേശിയായ അസദ് അഷ്റഫ്.
ഇന്ത്യയിൽ ഒരു മുസ്‌ലിമാമായിരിക്കുന്നതിന് കൊടുക്കേണ്ടി വരുന്ന വില എത്രയാണെന്ന് വീണ്ടും ഓർമിപ്പിക്കുന്നതായിരുന്നു വന്ദേഭാരതിലെ യാത്രയെന്ന് പറയുകയാണ് അസദ് അഷ്റഫ്.
അസദ് അഷ്റഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
"ഇന്ന് ഞാൻ വന്ദേ ഭാരതിൽ യാത്ര ചെയ്യുമ്പോൾ, അതേ സ്റ്റേഷനിൽ നിന്ന് തൊപ്പി ധരിച്ച ഒരാൾ എന്റെ കോച്ചിൽ കയറി. ഡൽഹിയിലേക്ക് പോകുകയായാണ്. അദ്ദേഹത്തിന്റെ കൈവശം ഫിസിക്കൽ ഐഡി ഇല്ലായിരുന്നു. ടി.ടി.ഇ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ തന്റെ ഫോണിലെ ഡിജിറ്റൽ പതിപ്പ് കാണിച്ച് കൊടുത്തു. എല്ലാം കൃത്യമാണെന്ന് തോന്നി.
എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ, സഹയാത്രികയായിരുന്ന ഒരു സ്ത്രീ അയാളുടെ വസ്ത്ര ധാരണം കണ്ട് വളരെ ഉത്കണ്ഠാകുലയായി. അവരുടെ അസ്വസ്ഥത സങ്കടമായി മാറി. അയാളുടെ ഐഡന്റിറ്റി വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചു. അവർ അയാളുടെ ഡിജിറ്റൽ ഐ.ഡി പരിശോധിച്ചു. എല്ലാം ശരിയായാണെന്ന് കണ്ട് യാത്ര തുടരാൻ അനുവദിച്ചു. എന്നിട്ടും ആ സ്ത്രീ തൃപ്തയായിരുന്നില്ല. അരമണിക്കൂറിനുശേഷം, സ്ത്രീ വീണ്ടും പൊലീസിനെ വിളിച്ചു.
ഇത്തവണ അയാളുടെ ബാഗ് പരിശോധിക്കാൻ ആവശ്യപ്പെട്ടു. ആ മനുഷ്യൻ നിശബ്ദമായി എല്ലാവരുടെയും മുന്നിൽ ബാഗ് തുറന്ന് വെച്ചു. 'ഇവ വസ്ത്രങ്ങളും ഒരു പുസ്തകവുമാണ്, നിങ്ങൾ സ്വന്തം ബാഗ് കൊണ്ടുപോകുന്ന പൊലെ തന്നെയാണ്' എന്നയാൾ പറഞ്ഞു. എന്നിട്ടും ബാഗ് അവർ സൂക്ഷ്മമായി പരിശോധിച്ചു.
എനിക്ക് ഇടപെടാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്റെ 'തിരിച്ചറിവ്' എന്നെ തടഞ്ഞു. ആ നിമിഷം, ഒരു നിരപരാധിയായ മനുഷ്യൻ മറ്റൊരു കാരണവുമില്ലാതെ തന്റെ നിരപരാധിത്വം ആവർത്തിച്ച് തെളിയിക്കുന്നത് കണ്ടപ്പോൾ, ഇന്ത്യയിൽ ഒരു മുസ്‌ലിമാമായിരിക്കുന്നതിന് കൊടുക്കേണ്ടി വരുന്ന വില എത്രയാണെന്ന് വീണ്ടും ഓർമിപ്പിച്ചു.
അതേസമയം, എന്റെ അടുത്തിരുന്നയാൾ പറഞ്ഞു, 'രാജ്യത്തിലെ പകുതി മനുഷ്യരും ഈ ആളുകളെ കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ്'.
നിസാമുദ്ദീൻ സ്റ്റേഷനിൽ ഇറങ്ങാൻ പോകുമ്പോൾ, ഞാൻ ആ മനുഷ്യന്റെ അടുത്തേക്ക് നടന്നു. അദ്ദേഹത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ അല്ലെങ്കിൽ സംഭവം റിപ്പോർട്ട് ചെയ്യണോ എന്ന് ചോദിച്ചു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഞങ്ങൾക്ക്, ഇതെല്ലാം സാധാരണമാണ്."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.