വന്നും പോയും കേസുകൾ

അനധികൃത സ്വത്തുകേസ്​
ജയലളിത ആദ്യ തവണ മുഖ്യമന്ത്രിയായിരുന്ന 1991–96 കാലയളവിൽ അനധികൃതമായി 66.65 കോടിയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ബംഗളൂരുവിലെ പരപ്പനഅഗ്രഹാര പ്രത്യേക കോടതി നാലുവർഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു. 2014 സെപ്റ്റംബർ 27ന് വന്ന വിധിയെത്തുടർന്ന് മുഖ്യമന്ത്രി സ്​ഥാനം നഷ്ടപ്പെട്ടു.

അപ്പീലിൽ കർണാടക ഹൈകോടതി കുറ്റവിമുക്തയാക്കി. 2015 മേയ് 11ന് വിധി വന്നു. കർണാടക സർക്കാർ നൽകിയ അപ്പീലിൽ വാദംകേട്ട സുപ്രീംകോടതി വിധി പറയാനിരിക്കുന്നു. ജയലളിതയുടെ തോഴി ശശികല നടരാജൻ, ശശികലയുടെ ഭർതൃ സഹോദരി ഇളവരശി,   ജയലളിതയുടെ ദത്തുപുത്രനായിരുന്ന സുധാകരൻ എന്നിവരും കൂട്ട് പ്രതികളാണ്.

പിറന്നാൾ സമ്മാനം
1992ൽ മുഖ്യമന്ത്രിയായിരിക്കെ പിറന്നാൾ ദിനത്തിൽ 21 പേരിൽനിന്ന് സമ്മാനമായി 1.48 കോടിയുടെ ഡിമാൻഡ് ഡ്രാഫ്റ്റുകൾ വാങ്ങിയെന്നാണ് കേസ്​. മദ്രാസ്​ ഹൈകോടതി വെറുതെ വിട്ട കേസിൽ സി.ബി.ഐ നൽകിയ അപ്പീൽ സുപ്രീംകോടതി പരിഗണിച്ചുവരുന്നു.

ആദായനികുതി
മുഖ്യമന്ത്രിയായിരിക്കെ 1991–93 സാമ്പത്തികവർഷങ്ങളിൽ ജയലളിതയും തോഴി ശശികലയും പാർട്ണർമാരായ ശശി എൻറർപ്രൈസസ്​ എന്ന സ്​ഥാപനം ആദായനികുതി കണക്കുകൾ ബോധിപ്പിച്ചില്ലെന്ന കേസിൽ പിഴയടപ്പിച്ച് വെറുതെ വിട്ടു.

താൻസി ഭൂമിയിടപാട്
തമിഴ്നാട് സ്​മോൾ ഇൻഡസ്​ട്രീസ്​ കോർപറേഷെൻറ (താൻസി) ചെന്നൈ ഗിണ്ടി വ്യവസായ പാർക്കിലെ 51 സെൻറ് ഭൂമിയും കെട്ടിടങ്ങളും യന്ത്രസാമഗ്രികളും ജയയും തോഴി ശശികലയും പാർട്ണർമാരായ ജയ പബ്ലിക്കേഷൻ, ശശി എൻറർ പ്രൈസസ്​ എന്നീ സ്​ഥാപനങ്ങൾക്ക് കുറഞ്ഞവിലക്ക് വിറ്റ് സർക്കാറിന് നഷ്ടമുണ്ടാക്കിയെന്ന കേസിൽ വിചാരണ കോടതി ശിക്ഷിച്ചു. 2001ൽ മദ്രാസ്​ ഹൈകോടതി കുറ്റവിമുക്തയാക്കി.
 ഇതിൽ മുഖ്യമന്ത്രി സ്​ഥാനം നഷ്ടപ്പെടുകയും ആറുമാസത്തിനകം മടങ്ങിവരുകയും ചെയ്തു.

കൽക്കരി ഇറക്കുമതി
മുൻമന്ത്രിമാരായ വി.ആർ. നെടുഞ്ചേഴിയൻ, ആർ.എസ്​. കണ്ണപ്പൻ, അഞ്ച് ഉന്നതോദ്യോഗസ്​ഥർ കൂടാതെ മറ്റ് 11 പേരും ഉൾപ്പെട്ട കേസിൽ മുഖ്യപ്രതി ജയലളിത. ഏഴുകോടി രൂപയുടെ കൽക്കരി ഇറക്കുമതിയിൽ അഴിമതിയുണ്ടെന്നായിരുന്നു പരാതി.

പ്രത്യേക കോടതി 1999ൽ കുറ്റവിമുക്തയാക്കി. സുപ്രീംകോടതിയിൽ അപ്പീലെത്തി. 2001ൽ സുപ്രീംകോടതി വെറുതെ വിട്ടു.

പ്ലസൻറ് സ്​റ്റേ ഹോട്ടൽ
കൊടൈക്കനാലിൽ അനധികൃതമായി ഹോട്ടൽ നിർമിച്ചെന്ന കേസിൽ 2000ത്തിൽ പ്രത്യേക കോടതി ഒരുവർഷത്തെ തടവിന് ശിക്ഷിച്ചു. അപ്പീലിൽ മദ്രാസ്​ ഹൈകോടതി വെറുതെവിട്ടു.

 ലണ്ടൻ ഹോട്ടൽ
അധികാരത്തിലിരിക്കെ അനധികൃതമായി സ്വത്തുസമ്പാദിച്ച് ലണ്ടനിൽ ഹോട്ടൽ വാങ്ങിയെന്ന കേസ്​ അന്വേഷിച്ചത് സി.ബി.ഐ.
സുപ്രീംകോടതി അനുമതിയോടെ സി.ബി.ഐ തന്നെ കേസ്​ പിൻവലിച്ചു.

ഓഹരി വിൽപന
പൊതുമേഖലാ സ്​ഥാപനമായി ടിഡ്കോയുടെ ഓഹരികൾ കുറഞ്ഞവിലക്ക് വിറ്റ് സർക്കാറിന് 28.28 കോടി നഷ്ടമുണ്ടാക്കിയെന്ന കേസിൽ 2004ൽ പ്രത്യേക കോടതി വെറുതെ വിട്ടു.

കളർ ടി.വി
പഞ്ചായത്തുകൾക്കായി സംസ്​ഥാന സർക്കാർ കളർ ടി.വി വാങ്ങിയതിൽ അഴിമതി ആരോപിച്ചെടുത്ത കേസിൽ പ്രത്യേക കോടതി 2000ത്തിൽ വെറുതെ വിട്ടു.
 

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.