ഇദയക്കനി തലൈവി അമ്മ

ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും ഒരുപോലെ ജനലക്ഷങ്ങളെ തന്നിലേക്ക് ആവാഹിക്കാനുള്ള അനുപമമായ കാന്തികശക്തിക്കുടമയായിരുന്നു ജയലളിത. നേതാവെന്നതിലുപരി രാഷ്ട്രീയ താരപദവിയില്‍ നാളിതുവരെ അവരെ നിലനിര്‍ത്തുന്നതില്‍ ഈ വ്യക്തി സവിശേഷതക്ക് നിര്‍ണായക പങ്കുണ്ട്. ‘മക്കള്‍ തിലകം’ എം.ജി.ആറിന്‍െറ ഇദയക്കനിയായിരുന്ന പുരട്ച്ചി തലൈവി ഡോ. ജെ. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം ആ കാന്തികശക്തി രാജ്യം കണ്ടു. മറ്റു പല നേതാക്കളെയുംപോലെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചല്ല അവര്‍ ലക്ഷങ്ങളുടെ ആരാധനാപാത്രമായത്. പൊതുജനത്തില്‍നിന്ന് കൃത്യമായ അകലംപാലിക്കുമ്പോഴും അവര്‍ക്കുവേണ്ടി ജീവന്‍ ബലി നല്‍കാന്‍ വരെ തയാറാകുന്ന അണികളുടെ എണ്ണം ഏറിവന്നു. രാഷ്ട്രീയ ഗുരു എം.ജി.ആര്‍ ജനങ്ങള്‍ക്കിടയില്‍ ഇടപഴകിയാണ് അണികളെ നിലനിര്‍ത്തിയത്. സിനിമയിലും രാഷ്ട്രീയത്തിലും അദ്ദേഹം സഹൃദയനായിരുന്നു. എന്നാല്‍, ഗുരുമുഖത്തുനിന്ന് സമ്പാദിച്ചതല്ല ജയ പ്രയോഗവത്കരിച്ചത്. കടുംപിടിത്തത്തിന്‍െറയും ഏകാധിപത്യത്തിന്‍െറയും മറ്റൊരു രൂപമായി അവര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. തനിക്കെതിരായ വിമര്‍ശങ്ങള്‍ക്കെതിരെ അവര്‍ നടത്തിയ കോടതി വ്യവഹാരങ്ങളുടെ കണക്കെടുത്താല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ ഘാതകയായിട്ടാവും ഒരുപക്ഷേ, അവരെ ചരിത്രം വിലയിരുത്തുക.  തീര്‍ത്തും ഏകാന്തവും ദുരൂഹവുമായ വഴികളിലൂടെ സഞ്ചരിക്കാനായിരുന്നു അവര്‍ക്കിഷ്ടം. 1996, 2006 കാലത്തെ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥകളെ അതിജീവിച്ച ജയക്ക് അവസാന നാളുകള്‍ ആരോഗ്യപ്രശ്നങ്ങളൊഴിച്ചാല്‍, സുരക്ഷിതമായിരുന്നു. എം.ജി.ആറിനു ശേഷം ആദ്യമായി ഭരണത്തുടര്‍ച്ചയോടെ മുഖ്യമന്ത്രിയാകാനും തമിഴകം തുണച്ചു.
അമ്മമയം
തമിഴ്നാട്ടില്‍ സവിശേഷ സാംസ്കാരിക-വൈകാരിക മൂല്യമുള്ള അമ്മ എന്ന ബിംബകല്‍പനയെ അതിസമര്‍ഥമായി ചൂഷണം ചെയ്യുന്നതില്‍ അവര്‍ വിജയിച്ചു.  വിപ്ളവ നായിക (പുരട്ച്ചി തലൈവി) എന്ന അപരനാമത്തിനൊപ്പം  തായ്, തലൈവി, അമ്മ... എന്നിങ്ങനെ ദ്രാവിഡ- തമിഴ് സംസ്കൃതി സമ്പൂര്‍ണ ആരാധനയര്‍പ്പിക്കുന്ന സങ്കല്‍പങ്ങളില്‍ ജയ സ്വയം അവരോധിതയായി. സകല അഭിപ്രായ വ്യത്യാസങ്ങളും മറികടക്കുന്നതും അടുപ്പം പുലര്‍ത്തുന്നതുമാണ് തമിഴകത്ത് അമ്മ എന്ന പദം.  
ഭരണത്തിന്‍െറ തണലില്‍ സകലതും അമ്മവത്കരിക്കപ്പെട്ടു. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയും പച്ചവെള്ളം മുതല്‍ മുലപ്പാല്‍ വരെയും ‘അമ്മ’ ലേബലില്‍ ജനക്ഷേമ പദ്ധതികളായി. ജനമനസ്സുകളിലേക്ക് കടന്നു കയറാനുള്ള എളുപ്പവഴിയായി  അവശ്യസാധനങ്ങളുടെ കൈമാറ്റം ഉപയോഗപ്പെടുത്താനും അവര്‍ക്കായി.  ഇതിന്‍െറ പ്രത്യക്ഷ ഫലത്തിലാണ് ശതകോടികളുടെ അഴിമതികളും കെടുകാര്യസ്ഥതയും തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാകാതെപോയത്.
 ജനക്ഷേമ പദ്ധതികള്‍  നടപ്പാക്കിയതിലൂടെ സംസ്ഥാനത്തിന് 16,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വോട്ട്ബാങ്ക് സൃഷ്ടിക്കാന്‍ ചെലവഴിച്ച കോടികള്‍ സംസ്ഥാനത്ത് ഒരിക്കലും ചര്‍ച്ചയായില്ല. ചെന്നൈ ജനത നടുക്കയത്തിലായ പ്രളയകാലത്ത്  പോയസ് ഗാര്‍ഡന്‍െറ ചുറ്റുമതില്‍വിട്ട് മുഖ്യമന്ത്രി പുറത്തിറങ്ങിയില്ല. വെള്ളം ഇറങ്ങിയതിനു ശേഷം സ്വന്തം മണ്ഡലമായ ആര്‍.കെ നഗറില്‍ എത്തിയപ്പോഴും വാഹനത്തിന്‍െറ സൈഡ്ഗ്ളാസ് താഴ്ത്തിയായിരുന്നു ജനസമ്പര്‍ക്കം.
എന്നാല്‍, ഏതു കഠിനമായ ആരോപണങ്ങളെയും  പ്രസംഗങ്ങളിലെ ആദ്യ വാചകത്തിലൂടെതന്നെ അവര്‍ അലിയിച്ചുകളയുമായിരുന്നു. എം.ജി.ആറിന്‍െറ പഴയ ജനപ്രിയ ഡയലോഗായിരുന്നു അവരുടെ തുറുപ്പുശീട്ട്.  
 ‘എന്‍ രത്തത്തിന്‍ രത്തമാന അന്‍പ് ഉടയ്പ്പിറവുകളേ, മക്കളാല്‍ നാന്‍, മക്കള്ക്കാക നാന്‍’ (ഹൃദയത്തിന്‍െറ സ്വന്തമായ പ്രിയ സഹോദരങ്ങളേ, നിങ്ങളാല്‍ ഞാന്‍, നിങ്ങള്‍ക്കു വേണ്ടി ഞാന്‍...) എന്നുപറയുമ്പോഴേക്കും  ജനസഹസ്രങ്ങള്‍ കടലിരമ്പുംപോലെ പ്രത്യഭിവാദ്യം ചെയ്യുമായിരുന്നു. അവിവാഹിതയും കുടുംബവും ഇല്ലാത്ത താന്‍ ജീവിക്കുന്നതുതന്നെ നിങ്ങള്‍ക്കു വേണ്ടിയാണെന്നായിരിക്കും അവര്‍ പറഞ്ഞവസാനിപ്പിക്കുക. അതോടെ ജയഭേരിയുയരും. ജയ ജനമനസ്സില്‍ വീണ്ടും പുതിയൊരാളാകും.
അനാരോഗ്യംമൂലം വര്‍ഷങ്ങളായി പൊതുവേദികളില്‍നിന്ന് മാറിനിന്നിട്ടും അവസാന നാളുകളില്‍ അവരെ പ്രവേശിപ്പിച്ച അപ്പോളോ ആശുപത്രിക്കു മുന്നില്‍ കരഞ്ഞു തളര്‍ന്ന കണ്ണുകളുമായി ആയുരാരോഗ്യത്തിനായി തലതല്ലി പ്രാര്‍ഥിക്കാന്‍ എത്തിയത് വന്‍ ജനസഞ്ചയമാണ്.
പോറ്റമ്മ പോയതോടെ തങ്ങളുടെ ഭാവി ഇരുളടഞ്ഞതാകുമെന്ന ഭയാനകമായ ആശങ്കയുടെ പിടിയിലാണ് അവര്‍. അമ്മ ഇനിയില്ളെന്ന യാഥാര്‍ഥ്യത്തോട് അവര്‍ പൊരുത്തപ്പെടുമോയെന്ന് കാലം തെളിയിക്കും.

 

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.