വേറിട്ട ജീവിതാനുഭവങ്ങളുമായി ‘കോമളവല്ലി’ -ആഗ്രഹിച്ചത് അഭിഭാഷകയാവാന്‍


കോയമ്പത്തൂര്‍: മൈസൂരുവിലെ ‘അയ്യങ്കാര്‍’ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കോമളവല്ലിയെന്ന ജയറാമന്‍ ജയലളിതയെ (ജെ. ജയലളിത) അഭിഭാഷകയായി കാണാനാണ് മാതാവ് വേദവല്ലിയെന്ന സന്ധ്യ ആഗ്രഹിച്ചത്. ബാല്യകാലത്ത് കോമളവല്ലിയുടെ ജീവിതലക്ഷ്യവും ഇത് തന്നെയായിരുന്നു. വേദവല്ലിയുടെ പിതാവ് രംഗസ്വാമി അയ്യങ്കാര്‍ അന്നത്തെക്കാലത്ത് അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. തമിഴകത്തിലെ പുണ്യനഗരമായ ശ്രീരംഗം സ്വദേശിയായ  രംഗസ്വാമി അയ്യങ്കാര്‍ ജോലി ആവശ്യാര്‍ഥം മൈസൂരുവിലേക്ക് കുടിയേറി. അംബുജവല്ലി, വേദവല്ലി, പത്മവല്ലി എന്നീ മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. 

മൈസൂരുവിലെ നരസിമ്മന്‍ രംഗസ്വാമിയുടെ മകന്‍ ജയറാമിന് വീട്ടുകാരുടെ സമ്മതത്തോടെ വേദവല്ലിയെ രണ്ടാം വിവാഹം കഴിച്ചുകൊടുത്തു. ജയറാമന്‍-വേദവല്ലി ദമ്പതികള്‍ക്ക് ജയകുമാര്‍, കോമളവല്ലി എന്നീ രണ്ട് മക്കള്‍. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരയിലെ മേലുക്കോട്ടയില്‍ 1948 ഫെബ്രുവരി 24നാണ് കോമളവല്ലി ജനിച്ചത്. മൈസൂരുവിലെ പിതാവിന്‍െറ വീടായ ‘ജയ വിലാസ്’, മാതാവിന്‍െറ വീടായ ‘ലളിത വിലാസ്’ എന്നിവിടങ്ങളില്‍ കോമളവല്ലി ബാല്യകാലം ചെലവഴിച്ചു. ഈ സമയത്താണ് കുടുംബാംഗങ്ങള്‍ കോമളവല്ലിക്ക് ‘ജയലളിത’ എന്ന പേരിട്ടത്. പിതാവ് ജയറാമന്‍ മരിക്കുമ്പോള്‍ ജയലളിതക്ക് രണ്ട് വയസ്സ് മാത്രമാണ്. പിതാവിന്‍െറ മരണത്തോടെ ഭൂരിഭാഗം സ്വത്തുക്കളും ആദ്യഭാര്യയുടെ കുടുംബം കൈക്കലാക്കി. പിന്നീട് അമ്മ വേദവല്ലി മകളെയും കൂട്ടി ചെന്നൈയില്‍ താമസിച്ചിരുന്ന സഹോദരിമാരായ പത്മവല്ലി, അംബുജവല്ലി എന്നിവരോടൊപ്പം താമസം തുടങ്ങി. 
അംബുജവല്ലി എയര്‍ഹോസ്റ്റസായിരുന്നു. പിന്നീട് വേദവല്ലി സിനിമകളില്‍ അഭിനയിച്ചുതുടങ്ങി. സിനിമരംഗത്ത് ഇവര്‍ ‘സന്ധ്യ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ സമയത്ത് ജയലളിത ബംഗളൂരുവിലെ ബിഷപ് കോട്ടണ്‍സ് സ്കൂളിലാണ് പഠിച്ചിരുന്നത്. അവധിക്കാലത്ത് മദ്രാസിലത്തെും. പിന്നീട് ജയലളിത മദ്രാസിലെ ഇന്ന് സര്‍ച്ച് പാര്‍ക്ക് പ്രസന്‍േറഷന്‍ കോണ്‍വെന്‍റ് സ്കൂളായി അറിയപ്പെടുന്ന അന്നത്തെ ‘സേക്രഡ് പാര്‍ക്’ സ്കൂളില്‍ ചേര്‍ന്നു. 
ഗോപാലകൃഷ്ണ ശര്‍മ, കെ.ജെ. സരസ എന്നിവരുടെ കീഴില്‍ ഭരതനാട്യം, മോഹിനിയാട്ടം, കര്‍ണാടക സംഗീതം, പാശ്ചാത്യ ക്ളാസിക്കല്‍ പിയാനോ തുടങ്ങിയവ പഠിച്ചു. ‘സരസാലയ’ ഡാന്‍സ് സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ മദ്രാസിലെ മൈലാപ്പൂര്‍ ‘രസിക രഞ്ജിനി സഭ’ ഓഡിറ്റോറിയത്തിലാണ് ജയലളിതയുടെ നൃത്ത അരങ്ങേറ്റം നടന്നത്. 

ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ശിവാജി ഗണേശന്‍ നര്‍ത്തകിയെന്ന നിലയില്‍ ജയലളിതയുടെ കഴിവിനെ പ്രശംസിക്കുകയും സിനിമയില്‍ അഭിനയരംഗത്തേക്ക് കടന്നുവരണമെന്ന് ഉപദേശിക്കയും ചെയ്തു. ഈ നിലയിലാണ് 1965ല്‍ സി.വി. ശ്രീധര്‍ നിര്‍മിക്കുകയും സംവിധാനവും ചെയ്ത ‘വെണ്‍നിറ ആടൈ’ എന്ന സിനിമയില്‍ ജയലളിത ആദ്യമായി അഭിനയിച്ചത്. ‘ആയിരത്തില്‍ ഒരുവന്‍’ എന്ന സിനിമയില്‍ എം.ജി.ആറിനൊപ്പം അഭിനയിച്ചതാണ് വഴിത്തിരിവായത്. പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമാരംഗത്ത് തിരക്കുള്ള താരമായി ജയലളിത വളരുകയായിരുന്നു. മുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടു. 1964-78 കാലയളവില്‍ മാത്രം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലായി 142 സിനിമകളില്‍ നായികയായി. 

എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയ അതികായന്‍മാരോടൊപ്പം അഭിനയിച്ച 77 സിനിമകള്‍ 100 ദിവസത്തില്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് റെക്കോഡ് നേട്ടമുണ്ടാക്കി. ഇരുപതോളം സിനിമകള്‍ 25 ആഴ്ചകള്‍ വരെ തുടര്‍ച്ചയായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. പരന്ന വായനക്കാരിയായ ജയലളിത പ്രസംഗം, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ രംഗങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ചെറുകഥകളും അവര്‍ രചിച്ചിട്ടുണ്ട്. 
 

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.