പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവ് പുറത്തായതിൽ പങ്കില്ല; സത്യത്തിനും നീതിക്കുമൊപ്പം നില്‍ക്കുമെന്ന് ദേവരാജ് ഗൗഡ

ബംഗളൂരു: ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ ലൈംഗികപീഡന ദൃശ്യങ്ങള്‍ പുറത്തുവന്നതിൽ പങ്കില്ലെന്ന് ബി.ജെ.പി നേതാവ് ദേവരാജ് ഗൗഡ. അഭിഭാഷകന്‍ എന്ന നിലയില്‍ കാര്‍ത്തികില്‍ നിന്ന് ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് കൈപ്പറ്റിയിട്ടുണ്ടെന്നും എന്നാൽ, മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നും ദേവരാജ് ഗൗഡ വ്യക്തമാക്കി.

രണ്ട് ദിവസത്തിനുള്ളില്‍ സത്യങ്ങള്‍ പുറത്തുവരും. ഹാസനിലെ ക്രിമിനല്‍ കുടുംബമാണ് രേവണ്ണയുടേത്. എന്തിനും മടിക്കത്തില്ല. ആറു മാസം മുമ്പ് വാര്‍ത്താസമ്മേളനം നടത്തി ദൃശ്യങ്ങളെപറ്റി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബി.ജെ.പി നേതാക്കന്‍മാരെയും അറിയിച്ചു. എത്ര സമ്മര്‍ദമുണ്ടായാലും സത്യത്തിനും നീതിക്കുമൊപ്പം നില്‍ക്കും. പീഡന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ കടുത്ത ഭീഷണി നേരിടുകയാണും ദേവരാജ് ഗൗഡ വ്യക്തമാക്കി.

ലൈംഗികപീഡന ദൃശ്യങ്ങള്‍ പ്രജ്വലിന്‍റെ മൊബൈലിൽ നിന്ന് മറ്റൊരു മൊബൈലിലേക്ക് പകർത്തിയ മുൻ ഡ്രൈവർ കാർത്തികിന്‍റെ അഭിഭാഷകനാണ് ദേവരാജ് ഗൗഡ. നിയമസഭ തെരഞ്ഞെടുപ്പിൽ എച്ച്.ഡി. രേവണ്ണക്കെതിരെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു ദേവരാജ് ഗൗഡ.

അതേസമയം, ലൈംഗിക അതിക്രമക്കേസ് പ്രതി ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഏജൻസി (എസ്.ഐ.ടി) ഇന്റർപോളിന്റെ സഹായം തേടി. ഇന്റർപോൾ നോഡൽ ഏജൻസി സി.ബി.ഐ പ്രജ്ജ്വലിന് എതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലൈംഗികപീഡന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രജ്ജ്വൽ ജർമനിയിലേക്ക് കടന്നിരുന്നു.

ലൈംഗിക അതിക്രമങ്ങളിൽ പ്രജ്ജ്വലിന്റെ കൂട്ടുപ്രതിയായ പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ എം.എൽ.എയെ മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ ദേവഗൗഡയുടെ വസതിയിൽ നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി ഈ മാസം എട്ടുവരെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. എസ്.ഐ.ടി സംഘം ഞായറാഴ്ച വൈകുന്നേരമാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. പിതാവിന്റെയും പുത്രന്റെയും ലൈംഗിക അതിക്രമത്തിനെതിരെ പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് രേവണ്ണ.

Tags:    
News Summary - Irrelevant in leaking pen drive of obscene footage involving Prajwal Revanna - Devaraj Gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.