പ്രജ്വൽ രേവണ്ണ എവിടെ? 196 അംഗരാഷ്ട്രങ്ങളിലും വലവിരിച്ച് ഇന്റർപോൾ

ബംഗളൂരു: പിതാവ് എച്ച്.ഡി. രേവണ്ണ എം.എൽ.എയും താനും ഉൾപ്പെട്ട കൂട്ട ലൈംഗിക അതിക്രമ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യംവിട്ട പ്രജ്വൽ രേവണ്ണ എം.പിക്കായി ഇന്റർപോൾ 196 അംഗ രാഷ്ട്രങ്ങളിലും വലവിരിച്ചു. ഫ്രാൻസിലെ ലിയോൺ ആസ്ഥാനമായ ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷനിൽ ഇത്രയും അംഗ രാഷ്ട്രങ്ങളാണുള്ളത്. 1949 മുതൽ ഇന്ത്യ അംഗമാണ്.

ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ത്യയിലെ നോഡൽ ഏജൻസി സി.ബി.ഐ മുഖേന ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച പ്രജ്വലിനെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

ഇതിന്റെ പുരോഗതിയാണ് അംഗരാഷ്ട്രങ്ങളിലുടനീളമുള്ള അന്വേഷണം എന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ചൊവ്വാഴ്ച പറഞ്ഞു. പ്രതി എവിടെ ഒളിച്ചാലും കണ്ടെത്താൻ കഴിയുംവിധം അതിസൂക്ഷ്മ അന്വേഷണം ഏജൻസി നടത്തുമെന്ന് മന്ത്രി പറഞ്ഞു.

കർണാടക ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയാണ് പ്രജ്വൽ. ഹാസൻ ഉൾപ്പെടെ സംസ്ഥാനത്തെ 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിന‌് ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രജ്വലിന്റെ മൂവായിരത്തോളം അശ്ലീല വിഡിയോകൾ മണ്ഡലത്തിൽ പ്രചരിക്കുന്നത്. വിഡിയോകൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ മണ്ഡലത്തിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ ഉൾപ്പെടെ അജ്ഞാതർ വിതറുകയായിരുന്നു. ഇരുന്നൂറോളം സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്തതാണെന്നും പ്രചാരണമുണ്ടായി. ഏപ്രിൽ 26നു വോട്ടെടുപ്പ് നടന്നതിനു പിന്നാലെ പ്രജ്വൽ രാജ്യംവിടുകയും ചെയ്തു.

Tags:    
News Summary - Interpol search in 196 countries for Prajwal Revanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.