ക്ഷമയാണ് 'താരം'​; സ്വയം വരിച്ചു, വിവാഹം ചരിത്രമായി..

മുംബൈ: വിവാഹത്തിന്‍റെ സ്റ്റിരിയോടൈപ്പുകൾ തകർത്ത് 24കാരിയായ ക്ഷമ ബിന്ദു സ്വയം വിവാഹം ചെയ്തു. സമൂഹം കൽപിച്ചു നൽകിയ പതിവു നടപ്പുരീതികൾ മാറ്റിയെഴുതുന്ന വിവാഹ ദിവസം വിവാദങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ്  നേരത്തെ ചടങ്ങുകൾ നടത്തിയതെന്ന്  ക്ഷമ ബിന്ദു പറഞ്ഞു. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടന്ന വിവാഹത്തിൽ ചുവന്ന ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞാണ് ക്ഷമയെത്തിയത്. ആത്മസ്നേഹം ഉയർത്തിപിടിച്ച് രാജ്യത്ത് സ്വയംം വിവാഹം കഴിക്കുന്ന ആദ്യവ്യക്തിയാണ് ക്ഷമാബിന്ദു.


ഗോത്രി ഏരിയയിലെ ക്ഷമയുടെ വീട്ടിൽ സംഘടിപ്പിച്ച വിവാഹ ചടങ്ങിൽ അവളുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെ പത്ത് പേർ മാത്രമാണ് പങ്കെടുത്തത്. സ്വയം വിവാഹത്തിനെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെ ക്ഷമ പറഞ്ഞു.



നേരത്തെ സ്വയം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണെന്നും ക്ഷമയെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നും ആഹ്വാനം ചെയ്ത് ഒരു ബി.ജെ.പി നേതാവ് രംഗത്ത് വന്നിരുന്നു. കൂടാതെ കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറയും സ്വയം വിവാഹത്തെ ഭ്രാന്താണെന്ന് വിമർശിച്ചിരുന്നു.

എന്നാൽ സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്നേഹത്തിന്‍റെ തുറന്ന പ്രഖ്യാപനമാണെന്ന് ക്ഷമ പറഞ്ഞു. അത് സ്വയം അംഗീകരിക്കൽ കൂടിയാണ്. ആളുകൾ എല്ലായ് പ്പോഴും അവർക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യുന്നത്. എനിക്ക് എന്നെ തന്നെയാണ് ഇഷ്ടമെന്നും അവർ പറഞ്ഞു.

താൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ വധുവായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ക്ഷമ പറഞ്ഞു. ഇതിനാലാണ് ഞാന്‍ ഈ സ്വയം വിവാഹചടങ്ങ് സംഘടിപ്പിച്ചതെന്നും അവർ വ്യക്തമാക്കി. ചില ആളുകൾക്ക് സ്വയം വിവാഹങ്ങൾ അപ്രസക്തമായി തോന്നാം. എന്നാൽ ഇത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും അവർ പറഞ്ഞു. വിവാഹത്തിന് മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - India’s first sologamy marriage: Gujarat woman marries herself, releases video message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.