ഇസ്ലാമാബാദ്: ഇന്ത്യയിൽ ചികിത്സതേടുന്ന പാക് സ്വദേശികൾക്ക് മെഡിക്കൽ വിസ നൽകാത്തതുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ പാകിസ്താൻ വിളിപ്പിച്ചതായി മാധ്യമ റിപ്പോർട്ട്. ഇന്ത്യൻ നയതന്ത്രപ്രതിനിധി ഗൗതം ബംബാവാലെയെ വിളിച്ച് പാകിസ്താൻ ആശങ്കയറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, ഒൗദ്യോഗിക സ്ഥിരീകരണമില്ല.
മെഡിക്കൽ വിസ നൽകാത്തത് ന്യൂഡൽഹി, ചെന്നൈ പോലുള്ള ഇന്ത്യൻ പട്ടണങ്ങളിൽ ചികിത്സ തേടുന്ന ആയിരക്കണക്കിന് പാകിസ്താൻ സ്വദേശികളെ പ്രതിസന്ധിയിലാക്കിയതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടുമാസങ്ങൾക്കിടയിൽ ഒരു പാകിസ്താൻ സ്വദേശിക്ക് പോലും വിസ അനുവദിച്ചിട്ടില്ലെന്നും വിസച്ചട്ടം സങ്കീർണമാക്കുന്നതിനായി ഇന്ത്യ അതിൽ ഭേദഗതികൾ വരുത്തുകയാണെന്നും ദുനിയ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിൽ പാകിസ്താൻ പ്രതിഷേധമറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ചാരവൃത്തിയാരോപിച്ച് ഇന്ത്യക്കാരനായ കുൽഭൂഷൺ ജാദവിന് സൈനികകോടതി വധശിക്ഷ വിധിച്ചതിനെത്തുടർന്ന് പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ഇടപാടുകളും നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. രണ്ട് ഇന്ത്യൻ സുരക്ഷാസേനാംഗങ്ങളെ കൊലപ്പെടുത്തി തലയറുത്ത സംഭവവും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.