എസ്-400 വ്യോമ പ്രതിരോധ സംവിധാനം
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൽ പാകിസ്താന്‍ യുദ്ധ വിമാനങ്ങളും ചാര വിമാനങ്ങളും വീഴ്ത്തിയ റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ വാങ്ങുന്നതിനുള്ള നീക്കവുമായി ഇന്ത്യ. റഷ്യയുമായി 10,000 കോടി രൂപയുടെ പ്രതിരോധ കരാറിനാണ് കേന്ദ്ര സർക്കാറിന്‍റെ ചർച്ച പുരോഗമിക്കുന്നത്.
നാല് ദിവസം നീണ്ട ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം ആറോളം പാകിസ്താൻ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവുമാണ് തകർത്തത്. പാകിസ്താനുള്ളിൽ 300 കിലോമീറ്റർ അകലെയാണ് പാക് വിമാനങ്ങളെ പ്രതിരോധിച്ചത്. ഇത് പാകിസ്താന് നേരെയുള്ള ആക്രമണത്തിൽ ഇന്ത്യക്ക് മേൽകൈ നേടുന്നതിനും സഹായിച്ചു.
വ്യോമ പ്രതിരോധ ശേഷിയുള്ള കൂടുതൽ മിസൈലുകൾ വാങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ വ്യോമസേനയെന്നും ഇക്കാര്യത്തിൽ റഷ്യൻ അധികൃതരുമായി ചർച്ചകൾ ആരംഭിച്ചതായി പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ 23ന് നടക്കുന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ യോഗത്തിൽ വ്യോമസേനയുടെ നിർദേശം പ്രതിരോധ മന്ത്രാലയം അംഗീകാരത്തിനായി പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ എസ്-400 മിസൈൽ സംവിധാനത്തിന്‍റെ മൂന്ന് സ്ക്വാഡ്രണുകൾ ഇന്ത്യക്ക് റഷ്യ കൈമാറുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രണ്ട് സ്ക്വാഡ്രണുകൾ നൽകാൻ റഷ്യയോട് ഇന്ത്യ ആവശ്യപ്പെടുകയാണ്. മൂന്ന് സ്ക്വാഡ്രണുകൾ മുൻ നിശ്ചയിച്ച പ്രകാരം വിതരണം ചെയ്തിട്ടുണ്ട്. നാലാമത്തെ സ്ക്വാഡ്രണിന്‍റെ കൈമാറ്റത്തിന് മുമ്പാണ് റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. വിവിധ വിഭാഗങ്ങളിലായി കൂടുതൽ എസ്-400, എസ്-500 വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ പദ്ധതികളെ കുറിച്ചും ഇരുരാജ്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.
സൈനിക ശേഷി വർധിപ്പിക്കുന്നതിനായി റഷ്യയിൽ നിന്ന് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന പുതിയ മിസൈലുകൾ വാങ്ങാനുള്ള സാധ്യതയും ഇന്ത്യയുടെ ആലോചനയിലുണ്ട്. കൂടാതെ, സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ കൂടുതൽ പതിപ്പുകളുടെ ശേഷി വർധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇന്ത്യയും റഷ്യയും തമ്മിൽ ശക്തമായ സൈനിക-പ്രതിരോധ ബന്ധമാണുള്ളത്. ഇന്ത്യ വ്യോമസേനയുടെ ആക്രമണ ശേഷിയിൽ കൂടുതൽ ഭാഗവും റഷ്യൻ നിർമിത സംവിധാനങ്ങളാണ്. ഡിസംബറിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍റെ ഇന്ത്യ സന്ദർശനത്തോടെ സൈനിക, പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, വ്യോമപ്രതിരോധ സാങ്കേതികവിദ്യയിൽ നിർണായകമായ, തദ്ദേശീയമായി നിർമിച്ച ബഹുതല വ്യോമ പ്രതിരോധ ഷീൽഡ് വികസിപ്പിച്ച്, വിജയകരമായ പരീക്ഷണവും ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. പ്രതിരോധ ഗവേഷണ, വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒക്ക് കീഴിലാണ് ആയുധം വികസിപ്പിച്ചത്. ശത്രു രാജ്യങ്ങളുടെ താഴ്ന്നു പറക്കുന്ന യുദ്ധ വിമാനങ്ങൾ മുതൽ, ഡ്രോണുകളും മിസൈലുകളും വരെ നിമിഷ വേഗത്തിൽ പ്രതിരോധിച്ച് നശിപ്പിക്കാൻ ശേഷിയുള്ളതാണ് വിജയകരമായി പരീക്ഷിച്ച ഇൻറഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റം (ഐ.എ.ഡി.ഡബ്ല്യു.എസ്).
മിസൈലുകളെ നിമിഷ വേഗത്തിൽ പ്രതിരോധിക്കുന്ന ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ (ക്യൂ.ആർ.എസ്.എ.എം), അഡ്വൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS), ഹൈ പവർ ലേസർ ബേസ്ഡ് ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) എന്നീ മൂന്ന് പ്രതിരോധ സംവിധാനങ്ങൾ സംയോജിപ്പിച്ച് ബഹുതല വ്യോമ പ്രതിരോധ സംവിധാനമാണ് ഇൻറഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റം.
താഴ്ന്നു പറക്കുന്ന ഡ്രോണുകൾ മുതൽ അതിവേഗത്തിൽ പറക്കുന്ന ശത്രുവിമാനങ്ങളും മിസൈലുകളും വരെ നിമഷ വേഗത്തിൽ നിർവീര്യമാക്കാൻ ഇതിന് സാധിക്കും. പാകിസ്താൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ളവ ഇന്ത്യൻ അതിർത്തിക്കുള്ളിൽ ആകാശത്തുവെച്ച് തന്നെ തകർക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ‘മൾട്ടി ലെയേർഡ് ഷീൽഡ്’ ഡി.ആർ.ഡി.ഒ സജ്ജമാക്കുന്നത്.
‘സുദർശൻ ചക്ര’ എന്ന പേരിൽ ഇന്ത്യ തദ്ദേശീയമായി ഏറ്റവും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ, രാജ്യത്തിന്റെ കര, ആകാശ, കടൽ നിരീക്ഷണം ശക്തമാക്കി ശത്രുവിന്റെ കടന്നുകയറ്റം തടയുന്ന സുദർശൻ ചക്ര 2035ഓടെ ലക്ഷ്യത്തിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. അതിന്റെ ആദ്യ ചുവടുവെപ്പാണ് ഇന്ത്യയുടെ ‘മൾട്ടി ലെയേർഡ് ഷീൽഡ്’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.